Thiruvambady: ‘ഹെൽത്തി കേരള’ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള എൻഫോയ്സ്മെന്റ് സ്ക്വാഡ് തിരുവമ്പാടി പഞ്ചായത്തിലെ പുല്ലൂരാം പാറ, താഴെ തിരുവമ്പാടി, യുസി മുക്ക് എന്നീ പ്രദേശങ്ങളിലെ കൂൾബാറുകൾ, ബേക്കറികൾ, ഹോട്ടലുകൾ മറ്റു ഭക്ഷണ ശാലകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി.
മതിയായ ശുചിത്വ – മാലിന്യ സംസ്കരണ സംവിധാനം ഇല്ലാത്തതും പുകയില നിയന്ത്രണ നിയമ പ്രകാരം മുന്നറിയിപ്പ് ബോർഡ് ഇല്ലാതെയും പ്രവർത്തിച്ച അഞ്ച് കടകളിൽ നിന്നും പിഴയിടാക്കി.
താഴെ തിരുവമ്പാടിയിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്നവർ ശുചിത്വ മാനദണ്ഡം നിർബന്ധമായും പാലിക്കണമെന്ന് Thiruvambady കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.കെ.വി പ്രിയ അറിയിച്ചു.
പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി പി മുഹമ്മദ് ഷമീർ, കെ ഷാജു, മുഹമ്മദ് മുസ്തഫ ഖാൻ, എസ് എം അയന (പഞ്ചായത്ത് എച്ച്ഐ) എന്നിവർ നേതൃത്വം നൽകി.