Thiruvambady:തങ്ങൾ ജീവിക്കുന്ന സമൂഹത്തിൽ നിരവധിപേർ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതിനാൽ ആവശ്യമായ വസ്ത്രങ്ങളില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി വിദ്യാർത്ഥികൾ തിരിച്ചറിഞ്ഞു.
തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിലെ നല്ലപാഠം ക്ലബ് അംഗങ്ങൾ ചെറു ഗ്രൂപ്പുകൾ ആയി തിരിഞ്ഞ് ഓരോ ക്ലാസിലും സഹപാഠികൾക്ക് ബോധവൽക്കരണം നടത്തി.
അലമാരയിൽ പാകമല്ലാതിരിക്കുന്ന, എന്നാൽ ഉപയോഗയോഗ്യമായ വസ്ത്രങ്ങൾ തങ്ങളുടേതല്ലെന്നും,അത് ആവശ്യമായ വസ്ത്രങ്ങളില്ലാത്തവർക്ക് അവകാശപ്പെട്ടതാണെന്നും, നമ്മുടെ ഈ ചെറിയ സഹായം അർഹതപ്പെട്ടവർക്ക് വലിയ ആശ്വാസവും സംരക്ഷണവും നൽകുന്നു എന്നുമുള്ള ബോധ്യം കുട്ടികളെ ആത്മാർത്ഥമായി വസ്ത്ര ശേഖരണത്തിനു പ്രേരിപ്പിച്ചു.സ്വന്തം വീട്ടിൽ നിന്ന് മാത്രമല്ല അയൽവീടുകളിൽ നിന്നു പോലും അവർ വസ്ത്രങ്ങൾ ശേഖരിച്ച് വിദ്യാലയത്തിലെ കനിവ് ഡ്രസ്സ് ബാങ്കിലെത്തിച്ചു.
നല്ല പാഠം ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ അവ വൃത്തിയായി തരംതിരിച്ച് പായ്ക്ക് ചെയ്ത് വയനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റിന്റെ അംഗമായ കെ പി നാരായണൻ സാറിന് കൈമാറി. ഈ വസ്ത്രങ്ങൾ വയനാട്ടിലെ ആദിവാസി ഊരുകളിൽ വിതരണം ചെയ്യുന്നു. ആദിവാസി ഊരുകളിൽ നേരിട്ട് സഹായവിതരണം സാധ്യമല്ലാത്തതിനാലാണ് ചാരിറ്റബിൾ ട്രസ്റ്റിന് ഈ വസ്ത്രങ്ങൾ ഏൽപ്പിച്ചത്.
സ്കൂളിൽ വെച്ച് നടന്ന സ്നേഹപ്പുടവ ഉദ്ഘാടന ചടങ്ങിൽ നല്ലപാഠം ക്ലബ് അംഗങ്ങൾ കെ പി നാരായണൻ സാറിന് വസ്ത്രങ്ങൾ കൈമാറി.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസി മാളിയേക്കൽ,
സ്കൂൾ മാനേജർ റവ ഫാദർ തോമസ് നാഗപറമ്പിൽ,സ്കൂൾ പിടിഎ പ്രസിഡണ്ട് ജമീഷ് സെബാസ്റ്റ്യൻ,പ്രിൻസിപ്പാൾ വിപിൻ എം സെബാസ്റ്റ്യൻ, ഹെഡ്മാസ്റ്റർ സജി തോമസ് പി, എം.പി.ടി.എ. പ്രസിഡണ്ട് ഷീജസണ്ണി,സ്പെഷ്യൽ എഡ്യൂക്കേറ്റർ ലിനറ്റ് സി, തോമസ് കുരുവിള എന്നിവർ സംസാരിച്ചു.
അമല വർഗീസ്,മിറ ക്ലെയർ മരിയറ്റ്, അഭിനയനാ സി നല്ല പാഠം കോർഡിനേറ്റർമാരായ ലിറ്റി സെബാസ്റ്റ്യൻ,ഗ്ലാഡി സിറിൽ എന്നിവർ നേതൃത്വം നൽകി.