Thiruvambady: കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻ തോടിലും Thiruvambady പഞ്ചായത്തിലെ മുത്തപ്പൻ പുഴയിലും പുലിയെ കണ്ടതോടെ മലയോര ജനത ഭീതിയിൽ. വന്യ മൃഗ ശല്യം നേരിടുന്നതിന് അധികൃതർ ഇടപെടണമെന്നാണു നാട്ടുകാരുടെ ആവശ്യം.
മുത്തപ്പൻ പുഴ മൈനാ വളവിൽ മുള്ളൻ പന്നിയുടെ ആക്രമണത്തിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ ഡിസംബർ 11ന്. ഒക്ടോബർ 30ന് ഇതിനു സമീപം കൊച്ചു പ്ലാക്കൽ തോമസ് എന്ന കർഷകന്റെ മൂരിക്കിടാവിനെ പുലി ആക്രമിച്ച് ഭക്ഷിച്ച നിലയിൽ കണ്ടെത്തി.
പലപ്പോഴും നാട്ടുകാർ മുത്തപ്പൻ പുഴ, മറിപ്പുഴ പ്രദേശങ്ങളിൽ പുലിയെ കണ്ടതായി പരാതിപ്പെട്ടിരുന്നെങ്കിലും അധികൃതർ കാര്യക്ഷമമായ അന്വേഷണം നടത്തിയില്ലെന്ന പരാതിയുണ്ട്.
കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻ തോട് അങ്ങാടിക്കു സമീപം ഡിസംബർ 29നു രാത്രി വാഹന യാത്രക്കാർ പുലി റോഡ് മുറിച്ചു കടക്കുന്നതു കണ്ടിരുന്നു.
ഡിസംബർ 30നു പകൽ മേടപ്പാറ റോഡരികിൽ പുലി പായുന്നതു നാട്ടുകാർ കണ്ടിരുന്നു. തുടർന്നു Thamarassery റേഞ്ചർ കെ.വി.ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശം സന്ദർശിച്ചു പുലിയുടെ നീക്കം നിരീക്ഷിക്കാൻ ആർആർടി ക്യാംപ് സ്ഥാപിക്കുകയും ചെയ്തു. കഴിഞ്ഞ 2നു മഞ്ഞപൊയിൽ, പുന്നയ്ക്കൽ പ്രദേശത്ത് പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നു. എന്നാൽ, വനപാലകർ ഇതു സ്ഥിരീകരിച്ചില്ല. കാൽ പാടുകൾ നോക്കി ഇവിടെ കണ്ടത് പുലി അല്ലെന്ന നിഗമനത്തിലാണു വന പാലകർ.
തിരുവമ്പാടി പഞ്ചായത്തിലെ കൊടക്കാട്ടുപാറ വനമേഖലയ്ക്കു സമീപം മേയാൻ വിട്ട പശുവിനെ പുലി ആക്രമിച്ചതായി നാട്ടുകാർ പറഞ്ഞിരുന്നു. അവിടെ നിന്ന് പുലി ഇരയാക്കിയ പശുവിന്റെ ജഡം കണ്ടെത്തി. മലയോര മേഖലയുടെ വിവിധ പ്രദേശങ്ങളിൽ പുലി സാന്നിധ്യം സ്ഥിരീകരിക്കുകയും മുത്തപ്പൻ പുഴയിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തുകയും ചെയ്തതോടെ ജനം ആശങ്കയിലാണ്.
കാട്ടു പന്നിയും കാട്ടാനയും കുരങ്ങും കൃഷി നശിപ്പിക്കുന്നതിനിടെയാണു പുലി ഭീതിയും. വന്യ മൃഗങ്ങൾ കൃഷി നശിപ്പിക്കുന്നതിനുള്ള നഷ്ട പരിഹാരം ലഭിച്ചിട്ടു വർഷങ്ങളായെന്നു കർഷകർ പറഞ്ഞു. ജനങ്ങളുടെ ഭീതി പരിഹരിക്കാൻ നടപടി വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.