Thiruvambady: ചരക്കു കയറ്റി വന്ന ടിപ്പർ നിയന്ത്രണം വിട്ട് പഞ്ചായത്ത് റോഡിന്റെ സംരക്ഷണ ഭിത്തി തകർത്ത് വീട്ടു മുറ്റത്തേക്ക് മറിഞ്ഞു.
തൊണ്ടിമ്മൽ സർപ്പക്കാവ് റോഡിൽ കൊടിയങ്ങൽ വിവേകാനന്ദന്റെ വീട്ടു മുറ്റത്തേക്കാണ് നിറയെ കരിങ്കല്ലുകൾ കയറ്റി വന്ന ടിപ്പർ മറിഞ്ഞത്. ശനിയാഴ്ച രാവിലെ പത്തേ കാലോടെയാണ് സംഭവം. വണ്ടി തൊട്ടരികിലെ പ്ലാവിലേക്ക് ചായുന്നതിനിടെ പൊടുന്നനെ ഡ്രൈവർ ചാടി രക്ഷപ്പെടുകയായിരുന്നു. ടിപ്പറിലുണ്ടായിരുന്ന കരിങ്കല്ലുകളെല്ലാം വീട്ടു മുറ്റത്ത് ചിതറി കിടക്കുകയാണ്. കാർ പോർച്ചിന് നേരിയ പോറലുണ്ട്. ഗ്രാമ പഞ്ചായത്ത് ആറു മാസംമുമ്പ് പണിത കരിങ്കൽ ഭിത്തിയാണ് തകർന്നത്. റോഡിന്റെ താഴ്ചയിലുള്ള നാല് കുടുംബങ്ങൾക്കാണ് പഞ്ചായത്ത് ഭിത്തി പണിതത്.
സുരക്ഷാ ഭിത്തി നിർമാണം കാര്യക്ഷമമല്ലെന്ന് നേരത്തേ ആക്ഷേപമുന്നയിച്ച് നാട്ടുകാർ രംഗത്തെത്തിയിരുന്നു. ടിപ്പർ ഇടിച്ചതിന്റെ ആഘാതത്തിൽ ഭിത്തിയാകെ ഇളകിക്കിടക്കുകയാണ്. ഇത് കൂടുതൽ കാര്യക്ഷമമായി പുനർ നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സംരക്ഷണ ഭിത്തി പുനർ നിർമിക്കാൻ അടിയന്തര നടപടി കൈകൊള്ളുമെന്ന് വാർഡ് മെമ്പർ ബീന ആറാം പുറത്ത് അറിയിച്ചു.