Kozhikode: സൈബർ ഇടങ്ങളിലെ ചതിക്കുഴികളിൽ ജാഗ്രതക്കുറവുകൊണ്ട് വിദ്യാ സമ്പന്നരും അനുദിനം കുടുങ്ങുന്നു. കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ ജില്ലയിൽ റിപ്പോർട്ട് ചെയ്തത് മൊത്തം രണ്ടരക്കോടിയുടെ സൈബർ തട്ടിപ്പ് കേസുകൾ. ഒരുദിവസം പത്തും പന്ത്രണ്ടും എന്ന കണക്കിൽ സൈബർകേസുകൾ കൂടിവരുകയാണ്. കഴിഞ്ഞ മാസം മാത്രം ജില്ലയിൽ നിന്ന് 92 ലക്ഷം രൂപയുടെ സൈബർ തട്ടിപ്പ് കേസുകളാണ് രജിസ്റ്റർ ചെയ്തത്.
റസ്റ്റ് ഡെസ്‌ക്ക്, എനിഡെസ്‌ക്ക്, ക്വിക്ക് ഡെസ്‌ക്ക് എന്നിങ്ങനെ നല്ല ഉദ്ദേശ്യത്തിനായി രൂപംകൊണ്ട ആപ്പുകളാണ് തട്ടിപ്പുകാർ ദുരുപയോഗം ചെയ്യുന്നതെന്ന് സൈബർ പോലീസ് പറഞ്ഞു. ഇത്തരം ആപ്പുകളുടെ സ്‌ക്രീൻ ഷെയർ ഉപയോഗിച്ചാണ് ആളുകളെ കബളിപ്പിക്കുന്നത്. ഓൺലൈനിലൂടെ ജോലി വാഗ്‌ദാനം ചെയ്തും വാഹനങ്ങളും മറ്റും വാങ്ങാനുണ്ടെന്ന വ്യാജേനയും ഇടപാടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് പണം തട്ടിയെടുക്കുന്നത്.
വീട് വാടകയ്ക്കു നൽകാൻ ഓൺലൈൻ പ്ലാറ്റ്ഫോമിനെ ആശ്രയിച്ച കോട്ടൂളിയിലെ ഒരു ഡോക്ടർക്ക് ലക്ഷങ്ങൾ നഷ്ടമായി. സൈബർ തട്ടിപ്പിലൂടെ ഹണി ട്രാപ്പിൽ കുടുക്കുന്ന കേസുകളും കൂടുകയാണ്. മാഹിക്കടുത്ത് അഴിയൂരിലെ ഒരു യുവാവിൽനിന്ന് 40,000 രൂപ തട്ടിയെടുത്തത് ഇൻഫെർട്ടിലിറ്റി ക്ലിനിക്കിൽ ബീജദാതാവായാൽ അഞ്ചുലക്ഷം തരാമെന്നു പറഞ്ഞാണ്. കുട്ടികളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തുള്ള തട്ടിപ്പുകളുമുണ്ട്. ക്രിപ്‌റ്റോ കറൻസിയിലുള്ള സാമ്പത്തികത് തട്ടിപ്പുകൾ സൈബർസെല്ലിന് തലവേദന സൃഷ്ടിക്കുന്നു.