Vadakara: വടകരയ്ക്കടുത്ത് ദേശീയ പാതയോരത്തെ ആറ് കടകൾ കുത്തി തുറന്ന് കവർച്ച, ഷട്ടറുകൾ തകർക്കുന്ന ദൃശ്യം പൊലീസ് പരിശോധിക്കുന്നു.
രണ്ട് യുവാക്കൾ മോഷണം നടത്തുന്ന ദൃശ്യമാണ് സിസിടിവിയിൽ നിന്ന് പൊലീസിന് ലഭിച്ചത്. ചോറോട് ഗെയിറ്റിലെ ആറ് കടകളിലാണ് ഇന്ന് പുലർച്ചെ മോഷണം നടന്നത്. സുജേഷിന്റെ ഉടമസ്ഥതയിലുള്ള ടിപി ആർ സ്റ്റോറിന്റെ പൂട്ട് പൊളിച്ച് 16,000 രൂപയും ഒരു ചാക്ക് അരിയും മോഷണം പോയി. തൊട്ടടുത്ത റിയാസിൻ്റെ അൽ അമീൻ ചിക്കൻ സ്റ്റാളിൽ നിന്ന് ആയിരം രൂപയും മോഷണം പോയി.
മണ്ണിൽ രാജീവന്റ പല ചരക്ക് കടയുടെ സെറ്റർ പൂട്ട് പൊളിച്ച് സാധനങ്ങൾ വലിച്ചു വാരിയിട്ട് 1500 രൂപ കവർന്നു. സജീവന്റെ ഉടമസ്ഥതയിലുള്ള കെ എൻ ട്രെയ് ഡേഴ്‌സിലും പൂട്ട് പൊട്ടിച്ച് അകത്ത് കടന്ന് 1500 രൂപയോളം മോഷണം പോയി.
ചെറിയാണ്ടി രാജേഷിന്റെ പച്ചക്കറിക്കടയിലും, ത്രീ സ്റ്റാർ മീൻ കടയിലും പൂട്ട് പൊളിച്ച് സാധനങ്ങൾ വലിച്ചിട്ട നിലയിലാണ്. പേൻറ്റ്സും ഷർട്ടും ധരിച്ചെത്തിയ രണ്ട് യുവാക്കളാണ് കടകളുടെ ഷട്ടർ കുത്തി തുറക്കുന്നതായി ദൃശ്യത്തിൽ പതിഞ്ഞത്.
ഇന്ന് പുലർച്ചെ മൂന്നരയ്ക്കും നാലിനും ഇടയിലാണ് സംഭവം. രാവിലെ കടതുറക്കാൻ എത്തിയപ്പോഴാണ് കടകൾ കുത്തി തുറന്നതായും പൂട്ടുകൾ തകർത്തതായും കണ്ടത്. പൊലീസ് സ്ഥലത്തെത്തി തെളിവ് ശേഖരണം തുടങ്ങിയിട്ടുണ്ട്