Koduvally: കൊടുവള്ളി നഗര സഭാ നാഷനൽ ഹെൽത്ത് മിഷന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന Vavad അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് നാലിന് ഡോ. എം.കെ മുനീർ എം.എൽ.എ നിർവഹിക്കും.
നഗര സഭാ ചെയർമാൻ വെള്ളറ അബ്ദു അധ്യക്ഷനാകും. നിലവിൽ കൊടുവള്ളി നഗര സഭയിലെ വാവാട്, ഇരുമോത്ത്, എരഞ്ഞോണ, വാവാട് സെന്റർ, നെല്ലാംകണ്ടി എന്നി വിടങ്ങളിൽ ചികിത്സാ സൗകര്യങ്ങളില്ല.
വെൽനസ് സെന്റർ പ്രവർത്തനം തുടങ്ങുന്നതോടെ നിലവിൽ ചികിത്സാ സൗകര്യങ്ങളില്ലാത്ത പ്രദേശത്തെ ജനങ്ങൾക്ക് ഏറെ ആശ്വാസമാകും. ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ്, ഹെൽത്ത് ഇൻസ്പെക്ടർ, ശുചീകരണ ജീവനക്കാരൻ തുടങ്ങി അഞ്ചു ജീവനക്കാരോടെയാണ് സെന്റർ പ്രവർത്തനം തുടങ്ങുന്നത്.
അടുത്തവർഷം മുതൽ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനവും ലഭ്യമാകുമെന്ന് നഗര സഭാ അധികൃതർ അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഇരുമോത്ത് നിന്ന് വാവാട് വരെ ബഹു ജനങ്ങൾ പങ്കെടുക്കുന്ന ഘോഷ യാത്രയും ഇശൽ സന്ധ്യ, ഒപ്പന തുടങ്ങിയ കലാ പരിപാടികളും നടത്തും.