Wayanad: കേരളത്തിലെ ഏറ്റവും പ്രിയ വിനോദ സഞ്ചാര കേന്ദ്രമായി മാറുന്നുവെന്നാണ് ക്രിസ്മസ്- പുതുവത്സര ആഘോഷക്കാലം തെളിയിക്കുന്നത്. ഉത്തരേന്ത്യയില്‍ നിന്നടക്കം ഈ അവധിക്കാലത്ത് ആളുകള്‍ ഒഴുകുകയായിരുന്നു വയനാട്ടിലേക്ക്.
കര്‍ണാടകയും ആന്ധ്രയും കടന്ന് മഹാരാഷ്ട്രയിലും ഗുജറാത്തിലുമൊക്കെ വയനാടിന്റെ പെരുമയെത്തിയതോടെ അവിടെ നിന്നെല്ലാം വിനോദ സഞ്ചാരികള്‍ ഇത്തവണയെത്തി. പുതുവത്സരാഘോഷങ്ങളും പൊടി പൊടിച്ചതോടെ ഇത്തവണ ഗംഭീരമായി. മുന്‍ അവധിക്കാലത്തേക്കാളും രണ്ടിരട്ടിയിലധികം ആളുകളാണ് ക്രിസ്മസ്-പുതുവത്സരാഘോഷത്തിനായി വയനാട്ടിലെത്തിയത്.
ഡിസംബര്‍ 20 മുതല്‍ ജനുവരി രണ്ടു വരെയുള്ള കണക്കു പ്രകാരം 2.93 ലക്ഷം പേരാണ് വയനാട് സന്ദര്‍ശിച്ചത്. ഓരോ അവധിക്കാല ആഘോഷങ്ങള്‍ കഴിയുമ്പോഴും വയനാട് സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാവുകയാണെന്നതിന്റെ തെളിവു കൂടിയാണ് എണ്ണത്തിലെ വര്‍ധന. കഴിഞ്ഞ വര്‍ഷം വിഷുവും ഈസ്റ്ററും ഒന്നിച്ചെത്തിയപ്പോള്‍ 10 ദിവസത്തെ കണക്കു പ്രകാരം ഒന്നേകാല്‍ ലക്ഷം പേരായിരുന്നു ജില്ല സന്ദര്‍ശിച്ചിരുന്നത്.
ഓണം സീസണിലും ഒന്നേകാല്‍ ലക്ഷത്തോളം പേരെത്തി. പൂജാ അവധിക്ക് സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായി. നാലു ദിവസം കൊണ്ട് 1.25 ലക്ഷം പേര്‍ ജില്ല സന്ദര്‍ശിച്ചു. ക്രിസ്മസ്-പുതുവത്സരമാഘോഷിക്കാന്‍ വയനാട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്കു തന്നെയുണ്ടായി. ഡി.ടി.പി.സി.യുടെ കീഴിലെ കേന്ദ്രങ്ങളില്‍ 1.28 ലക്ഷം സഞ്ചാരികളെത്തി. ഡിസംബര്‍ 24 മുതല്‍ ജനുവരി രണ്ടു വരെ 77,826 പേര്‍ ബാണാസുര സാഗര്‍ ഡാം സന്ദര്‍ശിച്ചു.
ഡിസംബര്‍ 23 മുതല്‍ 31 വരെ 66,832 പേര്‍ കാരാപ്പുഴ ഡാമും സന്ദര്‍ശിച്ചു. ഡിസംബര്‍ 21 മുതല്‍ 31 വരെ 20000-ത്തോളം പേര്‍ എന്‍ ഊരും സന്ദര്‍ശിച്ചു. കേരളത്തിലെ മറ്റു ജില്ലകളില്‍ നിന്നും കൂടാതെ കര്‍ണാടക, തമിഴ്‌നാട്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമെല്ലാം സഞ്ചാരികള്‍ കൂടുതലെത്തി.
ഡി.ടി.പി.സി.യുടെ കീഴിലെ കേന്ദ്രങ്ങള്‍, ബാണാസുര സാഗര്‍ ഡാം, എന്‍ ഊര്, കാരാപ്പുഴ ഡാം എന്നിങ്ങനെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിന്നായി 10 ദിവസത്തിനിടെ 1.76 കോടി രൂപയോളം വരുമാനം ലഭിച്ചു. ഡി.ടി.പി.സി.ക്ക് കീഴിലെ കേന്ദ്രങ്ങളില്‍ നിന്നു മാത്രമായി 76.66 ലക്ഷം രൂപ വരുമാനം ലഭിച്ചു. ബാണാസുര സാഗര്‍ ഡാമില്‍ നിന്ന് 71 ലക്ഷം രൂപയും വരുമാനമായി ലഭിച്ചു. കാരാപ്പുഴ ഡാമില്‍ നിന്ന് 17.53 ലക്ഷം രൂപയും ലഭിച്ചു. 10 ലക്ഷത്തോളം രൂപ എന്‍ ഊരില്‍ നിന്നും ലഭിച്ചു. കുറുവാ ദ്വീപിലെയടക്കം വരുമാനം കൂടി കണക്കാക്കുമ്പോള്‍ ഇനിയും വര്‍ധനയുണ്ടാവും.