Kalpetta: വയനാട്ടിൽ സന്ദർശനം നടത്തുന്ന പ്രിയങ്ക ഗാന്ധി എം പി യുടെ പരിപാടി റിപ്പോർട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകനെ എം പി യുടെ സംഘത്തിലുള്ള ഫോട്ടോ ഗ്രാഫർ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധം ശക്തമാകുന്നു. ചുണ്ടേലിലെ കാപ്പി ഗവേഷണ കേന്ദ്രത്തിൽ പ്രിയങ്കാ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും സന്ദർശനം റിപ്പോർട്ട് ചെയ്യാനെത്തിയ വയനാട് വിഷൻ റിപ്പോർട്ടർ ഷിബു സി.വി.യെയാണ് ഫോട്ടോ ഗ്രാഫർ കയ്യേറ്റം ചെയ്തത്, എം.പിമാർക്കൊപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫർ റാഫി കൊല്ലം എന്നയാൾ തടയുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും 27,000 രൂപ വിലയുള്ള മൊബൈൽ ഫോൺ തട്ടി താഴെയിടുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും കയ്യേറ്റം ചെയ്തെന്നും കാണിച്ച് ഷിബു ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. ഇന്ന് ഉച്ചകഴിഞ്ഞ് 3:30-ഓടെയാണ് സംഭവം. എം.പിമാരുടെ സന്ദർശനത്തിന് മാധ്യമങ്ങൾക്ക് പ്രവേശനം പരിമിതപ്പെടുത്തിയിരുന്നതിനാൽ, പോലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും പ്രത്യേക അനുമതിയോടെയാണ് ദൃശ്യങ്ങൾ പകർത്താൻ ഷിബു എത്തിയത്.
ദേഹപരിശോധനകൾക്ക് ശേഷം ഉദ്യോഗസ്ഥർ അനുവദിച്ച സ്ഥലത്തുനിന്ന് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് റാഫി കൊല്ലം എന്നയാൾ തടഞ്ഞതെന്ന് പരാതിയിൽ പറയുന്നു. തനിക്ക് അല്ലാതെ മറ്റാർക്കും വീഡിയോ എടുക്കാൻ അനുവാദമില്ലെന്ന് പറഞ്ഞായിരുന്നു ഫോട്ടോഗ്രാഫർ കയ്യേറ്റം ചെയ്തത്. ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് താൻ ദൃശ്യങ്ങൾ പകർത്തുന്നതെന്ന് അറിയിച്ചെങ്കിലും ഇയാൾ പിന്മാറിയില്ല. കയ്യേറ്റത്തെ തുടർന്ന് ദൃശ്യങ്ങൾ പകർത്താൻ കഴിയാതിരുന്നത് തന്റെ ജോലിയെ ബാധിച്ചുവെന്നും ഒരാഴ്ചയിലേറെയായി ജില്ലയിലുള്ള എം.പിമാരുടെ കൃത്യമായ ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭ്യമല്ലാത്ത സാഹചര്യത്തിൽ, ലഭിച്ച അവസരം തടസ്സപ്പെടുത്തിയത് മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഷിബു പരാതിയിൽ ചൂണ്ടിക്കാട്ടി. പിന്നീട് ഫോണിൽ വിളിച്ചു ചോദിച്ചപ്പോൾ തനിക്കൊന്നും ഓർമ്മയില്ലെന്നാണ് റാഫി മറുപടി നൽകിയതെന്നും, അതീവ സുരക്ഷ ആവശ്യമുള്ള എം.പിമാർക്കൊപ്പം ഇത്രയും ഓർമ്മക്കുറവുള്ള ഒരാൾ സഞ്ചരിക്കുന്നത് സുരക്ഷാ വീഴ്ചയാണെന്നും പരാതിയിലുണ്ട്. ജോലി തടസ്സപ്പെടുത്തിയതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.സംഭവത്തിൽ ഉൾപ്പെട്ട ഫോട്ടോ ഗ്രാഫർക്കെതിരെ കർശന നടപടി സ്വീകരിക്കണെമന്ന് ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
In Kalpetta, Wayanad, journalist Shibu C.V. of Wayanad Vision lodged a police complaint alleging that Priyanka Gandhi’s team photographer, Rafi Kollam, physically assaulted him, damaged his phone, and obstructed his work while covering Priyanka and Sonia Gandhi’s visit at the Coffee Research Centre in Chundale. Shibu, who had special permission to film, claimed the assault hindered media coverage and violated press freedom. He also highlighted a serious security concern about such a person being close to MPs. The Online Media Reporters Association has demanded strict action against the photographer.














