Kalpetta: Wayanad നിന്ന് കർണാടകയിലെ തോട്ടത്തിൽ ഇഞ്ചിപ്പണിക്കു പോയ ആദിവാസി യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. തൃക്കൈപ്പറ്റ മുണ്ടുപ്പാറ കോളനിയിലെ ബാബു (37) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പ് മീനങ്ങാടി സ്വദേശികളായ ഇഞ്ചി കർഷകരാണ് ബാബുവിനെ നഞ്ചൻകോട് തോട്ടത്തിലേക്ക് കൊണ്ടു പോയത്.
വ്യാഴാഴ്ച രാത്രി സഹോദരിയെ ഫോണിൽ വിളിച്ച് ബാബു മരിച്ചതായി അറിയിക്കുകയായിരുന്നു. പിറ്റേന്ന് ബന്ധുക്കൾ കർണാടകയിലെത്തി അന്വേഷിച്ചപ്പോൾ, ഷെഡിൽ അനക്കമില്ലാതെ കിടക്കുന്ന നിലയിലാണ് ബാബുവിനെ കണ്ടതെന്നും ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നുമാണ് അറിയിച്ചത്. ശനിയാഴ്ചയാണ് പോസ്റ്റ് മോർട്ടം കഴിഞ്ഞ് മൃതദേഹം വിട്ടു നൽകിയത്.
എന്നാൽ, തോട്ടം ഉടമകളോ ജോലിക്ക് കൊണ്ടു പോയവരോ ഒരു സഹായത്തിനും എത്തിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. കുടുംബം മേപ്പാടി പൊലീസിൽ പരാതി നൽകി. പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടിയാലേ മരണ കാരണം വ്യക്തമാവുകയുള്ളൂ വെന്നും ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചതായി ബാബുവിന്റെ സഹോദരി രാധ പറഞ്ഞു. ബാബുവിന്റെ പിതാവ്: രാജു. മാതാവ്: പരേതയായ നാരായണി. ഭാര്യ: കല്യാണി. മകൾ: ലാവണ്യ