Koyilandy: ഇതരസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ. അസം സ്വദേശിയായ മത്സ്യത്തൊഴിലാളി ദുളുരാജ് ബോൺഷിയെ കൊലപ്പെടുത്തിയ കേസിലാണ് സുഹൃത്തുക്കളും അസം സ്വദേശികളുമായ ലക്ഷിബ്രഹ്മയെയും മനോരഞ്ജൻ റായിയെയും കോഴിക്കോട് അഡീഷണൽ സെഷൻ ജഡ്ജ് സെയ്തലവി ശിക്ഷിച്ചത്.
കൊയിലാണ്ടി ഹാർബറിലെ പുലിമുട്ടിൽവെച്ച് കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. 2022 ഒക്ടോബർ നാലിനാണ് കേസിനാസ്പദമായ സംഭവം. എസ്.ഐ.മാരായ അനൂപ്, അരവിന്ദ് തുടങ്ങിയവരാണ് സ്പോട്ട് ഇൻക്വസ്റ്റ് നടത്തിയത്. സി.ഐ.മാരായ കെ.സി. സുബാഷ് ബാബു, എൻ. സുനിൽകുമാർ, എസ്.ഐ. സന്തോഷ് കുമാർ, എ.എസ്.ഐ.മാരായ കെ.പി. ഗിരീഷ്, പ്രദീപൻ എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ജയദീപ് ഹാജരായി