Vadakara: എ.ഐ ക്യാമറ പ്രവർത്തനക്ഷമമായതോടെ ഒന്ന് വ്യക്തമായി. വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് ഒട്ടേറെ വാഹനങ്ങൽ നിരത്തിലുണ്ട്. എ ഐ ക്യാമറയിൽ പതിയുന്ന ചിത്രങ്ങളാണ് സാക്ഷി. യഥാർത്ഥ ഉടമക്ക് പിഴ അടക്കാൻ നോട്ടീസ് വരുന്നതോടെയാണിത് വ്യക്തമാകുന്നത്.
വർഷങ്ങളായി റോഡിലിറക്കാത്ത വാഹന ഉടമകൾക്ക് പോലും വടകരയിൽ നോട്ടീസ് വന്നിട്ടുണ്ട്. പല സ്ഥലത്ത് നിന്നും നിരവധി പരാതികളാണ് മോട്ടോർ വാഹന വകുപ്പിന് ലഭിച്ചുന്നത്. Vadakara മേപ്പയിൽ വീട്ടിൽ നിർത്തിയിട്ട ബൈക്ക് കോഴിക്കോട് മാവൂർ റോഡിൽ നിയമ ലംഘനം നടത്തിയതായി കാണിച്ച് അടുത്ത ദിവസമാണ് ഉടമയുടെ പേരിൽ നോട്ടീസ് വന്നത്. ബൈക്കിന്റെ ഉടമ സ്വരൂപ് ദേവരാജ് രണ്ടു വർഷമായി വിദേശത്താണ്. അയാൾ പോയതിന് ശേഷം ബൈക്ക് റോഡിലിറക്കിയിട്ടില്ല. എന്നാൽ ബൈക്കിന് പകരം സ്‌കൂട്ടറെന്നാണ് എം.വി.ഡി അയച്ച നോട്ടീസിൽ പറയുന്നത്.
എറണാകുളം മടക്കത്താനം, വെങ്ങല്ലൂർ എന്നിവിടങ്ങളിൽ നിയമ ലംഘനം നടത്തിയതായി കാണിച്ച് വേളം പെരുവയലിലെ അത്തിയോട്ടുമ്മൽ സമീറിന്റെ ഉടമസ്ഥതയിലുള്ള ബൈക്കിന് പിഴ അടക്കാൻ നോട്ടീസ് എത്തിയിട്ടുണ്ട്. എന്നാലിത് തന്റെ ബൈക്കല്ലെന്നും എറണാകുളത്ത് പോയിട്ടില്ലെന്നും സമീർ ആർ.ടി.ഒയെ അറിയിച്ചിട്ടുണ്ട്.