Thamarassery: ഇന്നലെ രാത്രിയോടെയാണ് അമ്പലമുക്കിൽ നാട്ടുകാർക്കും പോലീസിനും നേരെ ലഹരി മാഫിയയുടെ അക്രമണം ഉണ്ടായത്. കൂരിമുണ്ടയിൽ മൻസൂറിന്റെ വീടിനാണ് പോലീസ് സുരക്ഷ ഏർപ്പെടുത്തിയത്.
പതിനാലോളം വരുന്ന ലഹരി മാഫിയ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. രണ്ട് പോലീസ് ജീപ്പും ഒരു കാറും വീടിന്റെ ജനൽ ചില്ലുകളും ആക്രമി സംഘം തകർത്തു. സ്ഥലത്തെത്തിയ ഒരാൾക്ക് വെട്ടേറ്റിരുന്നു.
അമ്പലമുക്ക് കൂരിമുണ്ട ഭാഗത്ത് ലഹരി മാഫിയ തമ്പടിക്കുന്ന ഷെഡിന് സമീപത്തെ വീട്ടിൽ സി സി ടി വി സ്ഥാപിച്ചതിൽ പ്രകോപിതരായ സംഘമാണ് അക്രമം അഴിച്ചുവിട്ടത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് അക്രമങ്ങളുടെ തുടക്കം. കൂരിമുണ്ടയിൽ മൻസൂറിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം സി സി ടി വി സ്ഥാപിച്ചിരുന്നു. ഇത് ചോദ്യം ചെയ്‌തെത്തിയ സംഘം വടിവാൾ വീശി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതേത്തുടർന്ന് പോലീസ് സ്ഥലത്തെത്തിയതോടെ പോലീസിന് നേരെയും സംഘം തിരിഞ്ഞു. പിന്നീട് എട്ട് മണിയോടെ വീടിന് നേരെ കല്ലേറുണ്ടായി. പ്രതികൾക്ക് വേണ്ടി താമരശ്ശേരി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.