Thiruvambady, തെരഞ്ഞെടുപ്പിന്റെ തലേദിവസം രാത്രി തിരുവമ്പാടി പൊന്നാങ്കയത്ത് ബി. ജെ.പി പ്രവർത്തകൻ്റെ വീട്ടിൽനിന്ന് വൻതോതിൽ പുതിയ വസ്ത്രങ്ങൾ പിടികൂടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. പൊന്നാങ്കയം സ്വദേശി കാനാട്ട് രഘുലാലിനെതിരെ യാണ് കേസെടുത്തത്. തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡ് വ്യാഴാഴ്‌ച രാത്രി പത്തോടെയാണ് പുതുവസ്ത്രങ്ങൾ പിടികൂടിയത്.
തിരുവമ്പാടി പൊലീസ് സ്ഥലത്തെത്തി സാരി, ചുരിദാർ, മുണ്ട്, നൈറ്റി തുടങ്ങിയ രണ്ടായിരത്തോളം പുതുവസ്ത്രങ്ങൾ അടങ്ങിയ ചാക്കുകൾ കസ്റ്റഡിയിലെടുത്തു. ഐ.പി.സി പ്രകാരവും വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചതിന് ജനപ്രാതിനിധ്യ നിയമമനുസരിച്ചുമാണ് കേസ്. വയനാട് ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെട്ട സ്ഥലമാണ് പൊന്നാങ്കയം. കണ്ടെയ്നർ ലോറിയിലാണ് പുല്ലൂരാംപാറയിൽ വസ്ത്രങ്ങൾ എത്തിച്ചത്. ഇവിടെനിന്ന് മറ്റൊരു വാഹനത്തിൽ പൊന്നാങ്കയത്തെ വീട്ടി ലെത്തിക്കുകയായിരുന്നു.
മേലെ പൊന്നാങ്കയം ആദിവാസി കോളനി, പൊന്നാങ്കയം നാലുസെന്റ്റ് കോളനി എന്നി വിടങ്ങളിലെ കുടുംബങ്ങൾക്ക് ഉൾപ്പെടെ വിതരണം ചെയ്യാനുള്ളതായിരുന്നു വസ്ത്രങ്ങളെന്ന് ആരോപണമുയർന്നിരുന്നു. സംഭവത്തിൽ യു.ഡി.എഫ്, എൽ.ഡി.എഫ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. വസ്ത്രങ്ങൾ എവിടെനിന്ന് ആര് കൊടുത്തുവിട്ടു എന്നതിൽ അന്വേഷണം വേണമെന്നാണ് ഇടതു വലതു മുന്നണികളുടെ ആവശ്യം.