Kozhikode: മായം കലർന്ന ശർക്കര വിപണിയിൽ സുലഭം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 3500 കിലോ ശർക്കരയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ പിടികൂടിയത്. വലിയങ്ങാടി, പേരാമ്പ്ര, നാദാപുരം, വടകര എന്നിവിടങ്ങളിലെ അഞ്ച് സ്ഥാപനങ്ങളിൽ നിന്നായാണ് ഇവ പിടികൂടിയത്. കഴിഞ്ഞ ദിവസം വലിയങ്ങാടിയിൽ 45 കിലോ മായം കലർന്ന ശർക്കര പിടികൂടിയിരുന്നു. ഇന്നലെ മാത്രം പിടികൂടിയത് 400 കിലോ ശർക്കരയാണ്.
തുണികൾക്ക് നിറം നൽകുന്ന സിന്തറ്റിക് ഡൈ ആയ റൊഡോമിൻ ബി കലർന്ന ശർക്കരയാണ് ഇത്തരത്തിൽ പിടിച്ചെടുത്തത്. റോഡമിൻ ബി ചെറിയ അളവിൽപ്പോലും ശരീരത്തിനുള്ളിലെത്തിയാൽ കാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് ഇടയാക്കും. പിടിച്ചെടുത്തവയുടെ സാമ്പിൾ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇവയുടെ ഫലം ലഭിച്ചതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കും. മലബാർ മേഖലയിൽ മായം ചേർത്ത ശർക്കര വ്യാപകമാണെന്ന് പഠനം നടത്തിയിരുന്നു. അതിന്റെ ഭാഗമായാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കിയത്.