Kozhikode: കോര്‍പറേഷനില്‍ റവന്യു ഓഫീസറുടെ വ്യാജഒപ്പും സീലും നിര്‍മിച്ച് കെട്ടിട ലൈസന്‍സ് തട്ടാന്‍ ശ്രമിച്ച മാങ്കാവ് സ്വദേശി സന്തോഷ് പിടിയില്‍. ഇയാളെ കോര്‍പ്പറേഷന്‍ ഓഫീസിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കോര്‍പറേഷന്‍ സെക്രട്ടറിയുടെ പരാതിയിലാണ് ടൗണ്‍ പൊലീസ് കേസെടുത്തത്. കുതിരവട്ടം ഡിവിഷനിൽ പുതിയതായി നിർമിച്ച ലോഡ്ജ് കെട്ടിടത്തിന് വേണ്ടിയാണ് സന്തോഷ് റവന്യൂ ഓഫിസറുടെ വ്യാജ ഒപ്പും സീലും നിര്‍മിച്ചത്. സമീപത്തെ വീടിന്റെ കെട്ടിട നമ്പര്‍ തന്നെ ലോഡ്ജ് കെട്ടിടത്തിനും നേടിയെടുക്കുകയായിരുന്നു ലക്ഷ്യം. സംശയം തോന്നിയ ഹെൽത്ത് ഇൻസ്പെക്ടർ റവന്യൂ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.
ഈ സമയം സന്തോഷ് കോര്‍പറേഷന്‍ ഓഫീസില്‍ ഉണ്ടായിരുന്നു. പിടിയിലാകുമെന്ന് ഉറപ്പായതോടെ വ്യാജ ഒപ്പും സീലും പതിച്ച അപേക്ഷ തട്ടിപ്പറിച്ച് സന്തോഷ് ഓടി. അന്നുമുതല്‍ ഇയാള്‍ക്കായി അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇപ്പോഴാണ് പിടിയിലാണ്. വ്യാജമായി തയാറാക്കിയ രേഖ ഇയാള്‍ നശിപ്പിച്ചതായി പൊലീസ് പറഞ്ഞു.
സന്തോഷിനെ കോര്‍പ്പറേഷനില്‍ എത്തിച്ച് തെളിവെടുത്തു. തട്ടിപ്പ് കണ്ടെത്തിയ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ മൊഴിയെടുത്തശേഷമായിരിക്കും തുടര്‍നടപടികള്‍. വ്യാജ രേഖ നിര്‍മ്മിച്ചതിനാണ് സന്തോഷിന്റെ പേരില്‍ കേസെടുത്തിരിക്കുന്നത്. ഏറെനാളായി കോര്‍പറേഷന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരനാണ് സന്തോഷ്.