Omassery: 2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി Omassery പഞ്ചായത്ത് ഭരണ സമിതി നടപ്പിലാക്കുന്ന സർക്കാർ പ്രൈമറി വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള പ്രഭാത ഭക്ഷണ വിതരണ പദ്ധതിക്ക് തുടക്കമായി.
വികസന ഫണ്ടിൽ നിന്നും നാല് ലക്ഷം രൂപ ചെലവഴിച്ചാണ് വിദ്യാർത്ഥികൾക്ക് ഏറെ ഉപകാരപ്രദമാവുന്ന പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തിലെ വെണ്ണക്കോട്, കൊടിയത്തൂർ, പുത്തൂർ, വെളിമണ്ണ, ചാമോറ എന്നീ ഗവ:സ്കൂളുകളിലാണ് പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്നത്. ഏകദേശം 1500 പ്രൈമറി വിദ്യാർത്ഥികൾക്ക് പദ്ധതി ഗുണം ചെയ്യും. ഈ അധ്യയന വർഷം തീരുന്നത് വരെ എല്ലാ ദിവസവും അഞ്ച് സ്കൂളുകളിലും കുട്ടികൾക്ക് പ്രഭാത ഭക്ഷണമുണ്ടായിരിക്കുമെന്ന് പഞ്ചായത്തധികൃതർ പറഞ്ഞു.
പുത്തൂർ ഗവ:യു.പി.സ്കൂളിൽ പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ പദ്ധതിയുടെ പഞ്ചായത്ത് തല ഉൽഘാടനം നിർവ്വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഫാത്വിമ അബു മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. കരുണാകരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി എം. പി. മുഹമ്മദ് ലുഖ്‌മാൻ പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി, പഞ്ചായത്തംഗങ്ങളായ സൈനുദ്ദീൻ കൊളത്തക്കര, പി.ഇബ്രാഹീം ഹാജി, സി.എ.ആയിഷ ടീച്ചർ, മുൻ ഹെഡ് മാസ്റ്റർ പി.എ.ഹുസൈൻ, കൊടുവള്ളി സബ് ജില്ല നൂൺ മീൽ ഓഫീസർ ബിമൽ റോയ് ഐസക്, പി.ടി.എ.പ്രസിഡണ്ട് പി.മൻസൂർ എന്നിവർ പ്രസംഗിച്ചു. പദ്ധതിയുടെ നിർവ്വഹണ ഉദ്യോഗസ്ഥ സ്കൂൾ ഹെഡ് മിസ്‌ട്രസ് വി.ഷാഹിന നന്ദി പറഞ്ഞു.