Thamarassery: കോഴി മാലിന്യ സംസ്‌കരണ പ്ലാന്റ് ജീവനക്കാര്‍ പിടിച്ചെടുത്ത വാഹനം തിരിച്ചെടുക്കാന്‍ പോയ താമരശ്ശേരിയിലെ കോഴി വ്യാപാരിയേയും ബന്ധുവിനേയും ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. താമരശ്ശേരിയിലെ മഞ്ചു ചിക്കന്‍സ്റ്റാള്‍ ഉടമ റഫീഖ്, ബന്ധുവായ ഡാനിഷ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
പരിക്കേറ്റ ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി അമ്പായത്തോട് വെച്ചായിരുന്നു സംഭവം. കോഴി മാലിന്യം ശേഖരിക്കുന്ന വാഹനം 15 മാസം മുമ്പ് അമ്പായത്തോട്ടില്‍ പ്രവര്‍ത്തിക്കുന്ന കോഴിമാലിന്യ സംസ്‌കരണ പ്ലാന്റായ ഫ്രഷ് കട്ടിലെ ജീവനക്കാര്‍ പിടിച്ചെടുത്തിരുന്നുവെന്ന് റഫീഖ് പറയുന്നു. പേരാമ്പ്രയില്‍ വെച്ചായിരുന്നു സംഭവം. രണ്ട് കാറുകളിലായെത്തിയ സംഘമാണ് ഡ്രൈവറെ അക്രമിച്ചതെന്നും കോഴിക്കോട് ജില്ലയിലെ കോഴിക്കടകളില്‍ നിന്ന് ഫ്രഷ് കട്ട് അല്ലാതെ മറ്റാരും മാലിന്യം ശേഖരിക്കരുതെന്ന് പറഞ്ഞാണ് വാഹനം പിടിച്ചെടുത്തതെന്ന് റഫീഖ് പറയുന്നു.
താമരശ്ശേരി പഞ്ചായത്തിലെ കോഴിക്കടകളില്‍ നിന്ന് മാലിന്യം ശേഖരിക്കാന്‍ ഗ്രമപഞ്ചായത്ത് അനുമതി നല്‍കിയതിനെ തുടര്‍ന്ന് വാഹനം തിരികെ ആവശ്യപ്പെട്ടുവെന്നും നല്‍കാമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അവിടെ എത്തിയപ്പോള്‍ വാഹനം നല്‍കാതെ തിരിച്ചയച്ചുവെന്നും റഫീഖ് പറഞ്ഞു. അമ്പായത്തോട് മിച്ചഭൂമി കോളനിയിലെത്തിയപ്പോള്‍ അന്‍പതോളം പേര്‍ സംഘടിച്ചെത്തി അക്രമിക്കുകയായിരുന്നുവെന്നും റഫീഖ് പറയുന്നു.
വാഹനം എടുക്കാന്‍ മൂന്ന് ദിവസം പോയിരുന്നുവെന്നും ബാറ്റരി, ടയറുകള്‍, ഡീസല്‍ തുടങ്ങിയവ നീക്കം ചെയ്തതിനാല്‍ ഇവ റെഡിയാക്കാന്‍ ഇന്നലെ ബന്ധുവിനേയും കൂട്ടി പോവുകയായിരുന്നുവെന്നും റഫീഖ് പറഞ്ഞു. താമരശ്ശേരി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയാല്‍ യാതൊരു നടപടിയും ഉണ്ടാവില്ല എന്നതിനാല്‍ 15 മാസം മുമ്പ് വാഹനം പിടിച്ചെടുത്തപ്പോള്‍ പരാതി നല്‍കിയിരുന്നില്ലെന്നാണ് റഫീഖ് പറയുന്നത്.