Wayanad: പൂക്കോട് വെറ്റിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ വീഴ്ച്ച പരിശോധിക്കാന്‍ നാലംഗ സമിതിയെ നിശ്ചയിച്ച് വൈസ് ചാന്‍സിലര്‍. ഡീന്‍, അസി.വാര്ഡന് എന്നിവരുടെ വീഴ്ച്ച പരിശോധിക്കാനാണ് സമിതിയെ നിയോഗിച്ചത്. മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
വിദ്യാര്‍ഥിയുടെ മരണത്തില്‍ വീഴ്ച്ച പറ്റിയെന്ന കണ്ടെത്തലിന് പിന്നാലെ
കോളജ് ഡീന്‍ എം.കെ നാരായണന്, അസിസ്റ്റന്റ് വാര്ഡന് ആര്. കാന്തനാഥന് എന്നിവരെ നേരത്തെ സസ്പെന്റ് ചെയ്തിരുന്നു. വൈസ് ചാന്സിലറുടേതായിരുന്നു നടപടി. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് കാമ്പസില്‍ നടന്ന സംഭവങ്ങളില്‍ വീഴ്ച്ച ഉണ്ടായി എന്നതായിരുന്നു ഉയര്‍ന്ന വിമര്‍ശനം. തുടര്‍ന്നാണ് ഇപ്പോള്‍ പ്രത്യേക സമിതിയെയും ചുമതലപ്പെടുത്തിയിരിക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസം കോളജിന് മുന്നില്‍ നടന്ന മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ സമരക്കാര്‍ക്കെതിരെ പൊലിസ് ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, എം.എസ്.എഫ്, കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ പി.ഡി.പി.പി ആക്ട് അടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 250 പേര്‍ക്കെതിരെ കേസെടുത്തതില്‍ 47 പേര്‍ക്കെതിരെയാണ് ജാമ്യമില്ല വകുപ്പ് ചുമത്തിയിട്ടുള്ളത്. സമരത്തിനിടെ 65,000 രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നാണ് എഫ്.ഐ.ആര്.