Kozhikode: ഫാ. അജി പുതിയ പറമ്പിലിന് മത സാമൂഹ്യ വിലക്കുമായി Thamarassery രൂപതാ നേതൃത്വം. കുർബാന സ്വീകരിക്കുന്നത് മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ എഴുതുന്നതിന് വരെ വിലക്കുണ്ട്. Thamarassery ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിലാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
പരസ്യമായ കുർബാന സ്വീകരണം പാടില്ല. ഒരാളുടെ മരണ സമയത്തല്ലാതെ മറ്റാരെയും കുമ്പസാരിപ്പിക്കാൻ പാടില്ല, കോഴിക്കോട് വെള്ളിമാട് കുന്നിലുള്ള വൈദിക മന്ദിരത്തിലെ ചാപ്പലിലല്ലാതെ മറ്റ് പള്ളികളിലോ ചാപ്പലുകളിലോ കുർബാന അർപ്പിക്കാൻ പാടില്ല, വെള്ളിമാട് കുന്നിലുള്ള വൈദിക മന്ദിരത്തിന് പുറത്ത് താമസിക്കാൻ പാടില്ല, പിതൃഭവനം, മത മേലധികാരി, കാനൻ നിയമ പണ്ഡിതൻ എന്നിവരെ മാത്രമേ സന്ദർശിക്കാൻ പാടുള്ളൂ, മറ്റാരെയെങ്കിലും സന്ദർശിക്കണമെങ്കിൽ പ്രത്യേക അനുവാദം വാങ്ങണം, സാമൂഹ്യ മാധ്യമങ്ങളിൽ യാതൊന്നും എഴുതാൻ പാടില്ല,
ടി.വി ചാനൽ ചർച്ചകളിൽ പങ്കെടുക്കരുത്, മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകരുത്,
പൊതു മീറ്റിങ്ങുകളിൽ പങ്കെടുക്കരുത്, പൊതു വേദികളിൽ പ്രസംഗിക്കരുത്. എന്നിവയാണ് പ്രധാനപ്പെട്ട വിലക്കുകൾ.
ഫാ. അജി പുതിയ പറമ്പിലിനെതിരേ വിചാരണ കോടതി സ്ഥാപിച്ചിരിക്കുന്നതിനാലാണ് വിലക്കുകൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു. സാക്ഷികളെ സ്വാധീനിക്കാതിരിക്കുക, വിശ്വാസികളുടെ ഇടയിൽ എതിർപ്പ് ഉഴിവാക്കുക എന്നിവയാണ് വിലക്കുകൾ ഏർപ്പെടുത്താനുള്ള കാരണമായി പറയുന്നത്. ഈ വിലക്കുകൾക്കെതിരേ സഭയുടെ ഉപരി ഘടകങ്ങളിൽ അപ്പീൽ നൽകാൻ സാധ്യമല്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്.
കുറച്ചധികം നാളുകളായി സഭയുമായി ഇടഞ്ഞ് നിൽക്കുകയായിരുന്നു ഫാദർ അജി പുതിയാ പറമ്പിൽ. സിറോ മലബാർ സഭയുടെ സംഘ പരിവാർ കൂട്ടുകെട്ടിൽ പ്രതിഷേധിച്ച് ശുശ്രൂഷ ദൗത്യം ഉപേക്ഷിച്ചിരുന്നു ഫാദർ അജി പുതിയാ പറമ്പിൽ. കേരളത്തിലെ ക്രൈസ്തവ സഭകൾ, പ്രത്യേകിച്ച് സിറോ മലബാർ സഭ വലിയ ജീർണതയിലൂടെയാണ് കടന്നു പോകുന്നതെന്ന് ഫാദർ അജി സമൂഹ മാധ്യമങ്ങളിൽ കുറിച്ചിരുന്നു.