Thrissur: വീടിനുള്ളിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം. വടക്കാഞ്ചേരി പുതുരുത്തിയില്‍ അജിത ഭാസ്‌കരന്റെ വീട്ടിലാണ് സംഭവം. വീടിനുള്ളിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീ പിടിക്കുകയായിരുന്നു. ആളപായമില്ല.
ഇന്ന് ഉച്ചയോടെ വീട്ടുകാര്‍ പുറത്തുപോയ സമയത്തായിരുന്നു സംഭവം. അടുക്കള ഭാഗത്തിരുന്ന ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. അടുക്കളയിലുണ്ടായിരുന്ന വീട്ടു സാമഗ്രികളും സ്വിച്ച് ബോര്‍ഡുമെല്ലാം കത്തി നശിച്ചു.
നാട്ടുകാരാണ് വീടിനുള്ളില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ഇവര്‍ വീടിന്റെ പുറക് വശത്തെ വാതില്‍ തകര്‍ത്ത് അകത്തു കയറി വെള്ളം പമ്പ് ചെയ്ത് തീ അണക്കുകയായിരുന്നു. വടക്കാഞ്ചേരിയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.