Thamarassery: വാഷുണ്ടാക്കിയയാളെ അറസ്റ്റു ചെയ്യാത്ത എക്സൈസ് പ്രിവൻ്റീവ് ഓഫീ സർക്കെതിരെ എക്സൈസ് ഇന്റലിജൻസ് വിഭാഗം അന്വേഷണം തുടങ്ങി.
ഇതുമായി ബന്ധപ്പെട്ട് എക്സൈസ് അസി. കമ്മിഷണർ പ്രാഥമിക അന്വേഷണ റിപ്പോർട്ട് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർക്ക് കൈമാറി. എൻഫോഴ്സ്മെൻ്റ് Thamarassery റേയ്ഞ്ചിലെ ഉദ്യോഗസ്ഥനാണ് അന്വേഷണം നേരിടുന്നത്. വാഷ് സഹിതം ആളെ തടഞ്ഞു വെക്കുകയും ഒപ്പം രണ്ട് ദൃസാക്ഷികൾ ഉണ്ടായിട്ടും പ്രതിയെ അറസ്റ്റു ചെയ്യാതിരുന്നത് ഗുരുതരമായ കൃത്യ വിലോപമാണെന്ന് അസി.കമ്മീഷണർ നൽകിയ റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന.
ജനുവരി ഒന്നിനായിരുന്നു സംഭവം. കരിയാത്തൻ കാവിൽ 100 ലിറ്റർ വാഷ് സഹിതം ഒരാളെ വീടിനുള്ളിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാരിൽ ചിലരും എക്സൈസ് ഇൻ്റലിജൻസ് വിഭാഗം ഇൻസ്പെക്ടറും വിവരം നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്‌സ്മെൻ്റ് വിഭാഗത്തിലെ പ്രിവൻ്റീവ് ഓഫീസർ സംഭവ സ്ഥലത്ത് എത്തുന്നത്.
എന്നാൽ, അദ്ദേഹം വാഷുണ്ടാക്കിയ ആളോട് പൊയ്കൊള്ളാൻ പറഞ്ഞതാണ് വിവാദ മായത്. ഇതിനെ തുടർന്ന് സംഭവ സ്ഥലത്തു വെച്ചു തന്നെ വാഷ് കണ്ടെടുക്കുകയും ആളെ കിട്ടിയില്ലെന്ന് റിപ്പോർട്ട് ഉണ്ടാക്കുകയുമായിരുന്നു. അൺ ഡിറ്റക്ടഡ് കേസ് (യു.ഡി.)എന്ന വിഭാഗത്തിലേക്ക് മാറ്റി രജിസ്റ്റർ ചെയ്യേണ്ടി വന്നത് ഉദ്യോഗസ്ഥന്റെ വീഴ്ചയാണെന്നാണ് മേലുദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ.
ഏഴു ദിവസത്തിനുള്ളിൽ വിവാദത്തിലായ ഉദ്യോഗസ്ഥൻ ഡെപ്യൂട്ടി കമ്മിഷണർക്ക് ഇതിൽ വിശദീകരണം നൽകണം.