Thiruvambady: Kaithappoyil-Kodanchery-Agasthyanmuzhi റോഡ് നവീകരണത്തിനായി സൗജന്യമായി സ്ഥലം വിട്ടുനൽകിയവർക്ക് കൃഷി ഭൂമിയിലേക്ക് പ്രവേശിക്കുന്നതിനായി റോഡ് നിർമിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.
കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യുട്ടീവ് എൻജിനിയർക്കാണ് കമ്മിഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് നിർദേശം നൽകിയത്. കോടഞ്ചേരി സ്വദേശികളായ ഇ.ജി. ജോസുകുട്ടി, സണ്ണി ജോർജ്. ഷിനോയ് ജോസഫ് എന്നിവർ സമർപ്പിച്ച പരാതിയിന്മേലാണ് നടപടി.
കൃഷി സ്ഥലത്തേക്ക് റോഡ് നിർമിച്ചുനൽകാമെന്ന വാഗ്ദാനത്തിലാണ് ഭൂമി സൗജന്യമായി വിട്ടുനൽകിയതെന്ന് പരാതിക്കാർ അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 25-ന് നടന്ന സിറ്റിങ്ങിൽ റോഡ് ഫണ്ട് ബോർഡ് എക്സിക്യുട്ടീവ് എൻജിനിയർ ഹാജരായി വിശദീകരണം സമർപ്പിച്ചിരുന്നു. പ്രവൃത്തി ആരംഭിക്കുന്ന സമയത്ത് വസ്തുവിലേയ്ക്കുള്ള സഞ്ചാരപാത ശ്രദ്ധയിൽപ്പെടാത്തതിനാൽ വഴി നിർമിക്കുന്ന കാര്യം എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ജൂലായ് 22-ന് ലിന്റോ ജോസഫ് എം. എൽ.എ. യും റോഡ് കമ്മിറ്റി അംഗങ്ങളും ഉദ്യോഗസ്ഥരും സ്ഥലത്ത് സംയുക്ത പരിശോധനനടത്തി ചെയ്യേണ്ട പ്രവർത്തികളുടെ ഒരു പട്ടിക തയ്യാറാക്കി അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. പരാതിയിലുള്ള വഴി നിർമാണവും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പട്ടികയ്ക്ക് അംഗീകാരം ലഭിച്ചാലുടൻ സഞ്ചാരപാത നിർമിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. കേവലം 21.2 കിലോമീറ്റർ ദൈർഘ്യമുള്ള റോഡുപണി ആരംഭിച്ചിട്ട് അഞ്ചുവർഷം പിന്നിട്ടിട്ടും ഇനിയും യാഥാർഥ്യമായില്ല.