Koduvally: കേരള സർക്കാരും നോർക്കയും പ്രവാസി വകുപ്പും പറയുന്നതല്ല പ്രവർത്തിക്കുന്നതെന്നും, പ്രവാസികളുടെ പ്രതീക്ഷ നഷ്ടപ്പെടുന്ന തരത്തിലും അവരെ അപമാനിക്കുന്ന തരത്തിലുള്ള ബജറ്റാണ് Kerala സർക്കാർ അവതരിപ്പിച്ചതെന്നും പ്രവാസി കോൺഗ്രസ് കൊടുവള്ളി ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു.
കോവിഡ് കാലശേഷം തിരിച്ചു പോകാത്ത പ്രവാസികൾക്കും തൊഴിൽ നഷ്ടപ്പെട്ടും, ആരോഗ്യ കാരണത്താലും ജോലിക്ക് പ്രയാസമുള്ള പ്രവാസികൾക്കും പ്രത്യേക പാക്കേജ് പ്രഖ്യാപിക്കും എന്നുള്ള സർക്കാർ വാഗ്ദാനം പായ് വാക്കായി.
കഴിഞ്ഞ വർഷം 126 കോടി രൂപ പ്രവാസി ക്ഷേമ കാര്യത്തിനു വേണ്ടി ബജറ്റിൽ നീക്കി വെച്ചപ്പോൾ ഈ പ്രാവശ്യം 100 കോടി രൂപ മാത്രമാണ് പ്രഖ്യാപിച്ചത്. ഇത് പ്രവാസികളെ അപമാനിക്കുന്നതിനു തുല്യമാണ്. എയർപോർട്ടിലെ റാപ്പിഡ് ടെസ്റ്റ് ഇനത്തിൽ സർക്കാറിന് ലഭിച്ച 200 കോടി രൂപ എന്ത് കാര്യത്തിന് ചിലവാക്കി എന്ന് ഇപ്പോഴും സർക്കാർ വ്യക്തമാക്കുന്നില്ല.
60 വയസ്സ് കഴിഞ്ഞ പ്രവാസികളുടെ ക്ഷേമ പദ്ധതികളെ കുറിച്ചുള്ള യാതൊരു വിവരവും പ്രത്യേകമായി ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുമില്ല. എല്ലാ വർഷത്തെ പോലെ ഈ പ്രാവശ്യവും പ്രഖ്യാപനം മാത്രമാണ് സർക്കാർ നടത്തിയത്.
ഈ നിലപാടിൽ മാറ്റം വരുത്തണമെന്നും 500 കോടി രൂപയെങ്കിലും പ്രവാസികളുടെ ക്ഷേമത്തിനായി പ്രഖ്യാപിക്കണമെന്നും പ്രവാസി കോൺഗ്രസ് കൊടുവള്ളി മണ്ഡലം കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
യോഗം പ്രവാസി കോൺഗ്രസ് കോഴിക്കോട് ജില്ലാ സെക്രട്ടറി ഷംസുദ്ദീൻ അപ്പോളോ ഉദ്ഘാടനം ചെയ്യുകയും ബ്ലോക്ക് പ്രസിഡണ്ട് സി കെ അബ്ബാസ് അധ്യക്ഷത വഹിക്കുകയും ചെയ്തു.യോഗത്തിൽ ഷാഫി ചുണ്ടപ്പുറം, ദീപേഷ് നരിക്കുനി, മുന്തസിം കിഴകോത് , എന്നിവർ പ്രസംഗിക്കുകയും സുധീർ വെണ്ണക്കാട് സ്വാഗതവും പി കെ ഫിറോസ് നന്ദിയും പറയുകയും ചെയ്തു.