Koduvally: നഗര സഭയിൽ മരാമത്ത് കാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്ക് ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അധ്യക്ഷ സ്ഥാനം നഷ്ടമായി. പാർട്ടിക്കുള്ളിലെ തർക്കത്തെ തുടർന്ന് കോൺഗ്രസ് അംഗം ടി.പി. ഷബ്ന നവാസ് യോഗത്തിൽ പങ്കെടുക്കാത്തതിനാലാണ് സ്ഥാനം നഷ്ടമായത്.
മുതിർന്ന അംഗമായ മുസ്ലിം ലീഗിലെ സുബൈദ അബ്ദുസ്സലാം മരാമത്ത് കാര്യ സ്ഥിരം സമിതി അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു. ധാരണ പ്രകാരം വൈസ് ചെയർമാൻ സ്ഥാനം കോൺഗ്രസിലെ കെ.എം. സുശിനി രാജിവെച്ച് മുസ് ലിം ലീഗിന് വിട്ടുനൽകിയിരുന്നു. മുസ്ലിം ലീഗിന്റെ കൈവശമുള്ള ഒരു സ്ഥിരം സമിതി അധ്യക്ഷസ്ഥാനം രാജിവെക്കുന്ന മുറക്ക് കോൺഗ്രസിലെ അംഗത്തിന് നൽകുമെന്നായിരുന്നു ധാരണ. അതുപ്രകാരം മുസ്ലിം ലീഗിലെ മരാമത്ത് കാര്യ സ്ഥിരം സമിതി അധ്യക്ഷയായ റംസിയ മുഹമ്മദ് രണ്ടാഴ്ച മുമ്പ് രാജിവെച്ചിരുന്നു. ഇതിലേക്കാണ് ബുധനാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. സമിതിയിൽ ഒരു കോൺഗ്രസ്, മൂന്ന് മുസ്ലിംലീഗ്, രണ്ട് എൽ.ഡി.എഫ് അംഗങ്ങളുമാണുള്ളത്.
എൽ.ഡി.എഫിലെ രണ്ട് അംഗങ്ങളും യോഗത്തിനെത്തിയിരുന്നില്ല. കോൺഗ്രസിലെ ഒരു വനിത അംഗത്തിന് സ്ഥിരം സമിതി അധ്യക്ഷസ്ഥാനം നൽകണമെന്നായിരുന്നു കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. ഇത് ചൂണ്ടിക്കാണിച്ച് ഡി.സി.സി നേതൃത്വത്തിന് പരാതി നൽകിയിരുന്നു. പ്രാദേശിക കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ വേണ്ട നടപടി സ്വീകരിച്ചില്ലെന്നും കൗൺസിലർമാർക്ക് നിർദേശങ്ങൾ നൽകിയില്ലെന്നുമാണ് ആക്ഷേപം. പ്രശ്നം രമ്യമായി പരിഹരിക്കുമെന്നാണ് മുന്നണി നേതൃത്വം പറയുന്നത്.