Kozhikode: അംഗൻവാടികളിൽ പാലും മുട്ടയും വാങ്ങാൻ നഗരസഭകൾക്കും പഞ്ചായത്തുകൾക്കും നൽകുന്ന തുക വെട്ടിക്കുറച്ചു. വിപണിയിൽ ഒരു ലിറ്റർ പാലിന് 56 രൂപയാണ്. ഇതേ നിരക്കിലായിരുന്നു കഴിഞ്ഞ ഫെബ്രുവരിവരെ തുക അനുവദിച്ചത്.
വിപണിക്കനുസരിച്ചുള്ള പാലിന്റെയും മുട്ടയുടെയും വില ലഭിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ മാത്രം മുട്ടക്ക് എട്ടുരൂപ വെച്ചും ലഭിച്ചു.
മാർച്ച് മുതൽ മുട്ടക്ക് ആറു രൂപയും പാലിന് 52 രൂപയും വെച്ച് മാത്രമേ നൽകാനാകൂവെന്നാണ് മുഴുവൻ അംഗൻവാടികൾക്കും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും കഴിഞ്ഞ ദിവസം ലഭിച്ച വിവരം.
മുട്ടക്ക് വിപണിയിൽ 7.50 രൂപയാണ് നിലവിലെ വില. ഒരു മുട്ടക്ക് ഒന്നര രൂപ വീതവും ലിറ്റർ പാലിന് ആറുരൂപ വീതയും കൈയിൽനിന്ന് കൂട്ടേണ്ട അവസ്ഥയിലാണ് അംഗൻവാടി വർക്കർമാർ. തുച്ഛമായ ശമ്പളം ലഭിക്കുന്ന ജീവനക്കാർ ഇതോടെ പ്രതിസന്ധിയിലാണ്.
സംസ്ഥാന സർക്കാർ നടപ്പാക്കിയ പോഷക ബാല്യം പദ്ധതിവഴി പാലിന് 56 രൂപയും മുട്ടക്ക് ‘എട്ടു രൂപയും അംഗൻവാടികൾക്ക് ലഭിക്കേണ്ടതാണ്. എന്നാൽ, പദ്ധതി നേരിട്ട് അംഗൻവാടിയിലെത്തിയില്ല. കുടുംബശ്രീ വഴിയായിരുന്നു പദ്ധതി നടപ്പിൽവന്നത്. പോഷക ബാല്യം പദ്ധതിപ്രകാരം മുട്ട ഒന്നിന് ആറു രൂപയും പാലിന് 52 രൂപയും മാത്രമേ നൽകാനാകൂവെന്നാണ് തദ്ദേശ സ്ഥാപനങ്ങൾ അറിയിച്ചിരിക്കുന്നത്.