Kozhikode: മാസങ്ങൾ കഴിഞ്ഞിട്ടും ഡ്രൈവിങ് ലൈസൻസും ആർ.സിയും കിട്ടാത്തവരെ ഏജന്റുമാർ പിഴിയുന്ന ഇടപാടിന് അറുതിവരുത്തി മോട്ടോർ വാഹന വകുപ്പ്. ഏജന്റുമാർ ഇടപെട്ട് വൻതുക വാങ്ങി രേഖകൾ കൈവശപ്പെടുത്തുന്നത് തടയിട്ടാണ് മോട്ടോർ വാഹന വകുപ്പ് പുതിയ നടപടികൾ കൈക്കൊള്ളുന്നത്.
ഇനിമുതൽ അടിയന്തരഘട്ടങ്ങളിൽ രേഖകൾക്ക് ആവശ്യം വന്നാൽ ഉടമ അല്ലെങ്കിൽ അവർ ചുമതലപ്പെടുത്തുന്ന അടുത്ത ബന്ധു എന്നിവർ ഓഫിസുകളിലെത്തി നേരിട്ട് അപേക്ഷ നൽകണം.
മാസങ്ങളായി രേഖകൾ ലഭിക്കാതിരുന്നതിനാൽ പല അപേക്ഷകർക്കും ജോലി സംബന്ധമായി ഡ്രൈവിങ് ലൈസൻസ് ഹാജരാക്കേണ്ടിയിരുന്നു. അടിയന്തരമായി ലഭിക്കേണ്ടിവരുന്ന സാഹചര്യങ്ങളിൽ അപേക്ഷകർ ആവശ്യങ്ങളുടെ പ്രാധാന്യം കാണിച്ച് അപേക്ഷ സമർപ്പിച്ചിരുന്നു.
ഇത്തരം സാഹചര്യങ്ങളിൽ മുൻഗണനാക്രമം അവഗണിച്ച് അപേക്ഷകർക്ക് ആർ.സി, ഡ്രൈവിങ് ലൈസൻസ് പ്രിന്റ് ചെയ്ത് തപാൽ മാർഗം നൽകിയിരുന്നു. ഈ അപേക്ഷകൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് കൃത്യമായ നിർദേശങ്ങളൊന്നും വകുപ്പ് നൽകിയിരുന്നില്ല.
അപേക്ഷകർ ട്രാൻസ്പോർട്ട് കമീഷണർ, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണറുടെ ഓഫിസ്, ആർ.ടി ഓഫിസ്, പ്രിന്റിങ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് ഇ-മെയിൽ ആയും നേരിട്ടും അപേക്ഷകൾ സമർപ്പിക്കുകയായിരുന്നു. മിക്കതും ഏജന്റുമാരാണ് ഇ-മെയിൽ വഴി അപേക്ഷകൾ അയച്ചിരുന്നത്. ഇത് ദുരുപയോഗം ചെയ്ത് അപേക്ഷകരിൽനിന്ന് ഭീമമായ തുക ഈടാക്കുന്നതായി പരാതി ഉയർന്നിരുന്നു.
തുടർന്നാണ് നേരിട്ട് ഹാജരായി അപേക്ഷ നൽകണമെന്ന ഉത്തരവിനിടയാക്കിയത്. ഓഫിസ് മേധാവി, അപേക്ഷയുടെ നിജസ്ഥിതി ബോധ്യപ്പെട്ടശേഷം എറണാകുളം ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണറുടെ ഓഫിസിലേക്ക് ഇ-മെയിൽ (dtcekm. mvd @kerala.gov.in) ആയി അയക്കാനാണ് നിർദേശം.
നിലവിൽ മോട്ടോർ വാഹന വകുപ്പിൽനിന്ന് വിതരണംചെയ്യുന്ന ആർ.സിയും ഡ്രൈവിങ് ലൈസൻസും എറണാകുളത്തുള്ള സെൻട്രലൈസ്ഡ് പ്രിന്റിങ് സ്റ്റേഷനിൽനിന്നാണ് പ്രിന്റ് ചെയ്ത് സ്പീഡ് പോസ്റ്റ് മുഖേന വിതരണം ചെയ്യുന്നത്.
എന്നാൽ, ആർ.സി, ലൈസൻസ് എന്നിവയുടെ പ്രിന്റിങ് 2023 നവംബർ മുതൽ നിർത്തിവെച്ചിരുന്നു. കഴിഞ്ഞ മേയ് അവസാനം മുതൽ പ്രിന്റിങ് പുനരാരംഭിച്ചിട്ടുണ്ട്.