Mananthavady: നവ കേരള സദസ്സിനായി മുഖ്യ മന്ത്രിയും മറ്റു മന്ത്രിമാരും എത്തിയ ബസ് മാനന്തവാടിയിൽ ചളിയിൽ താഴ്ന്നു. മാനന്തവാടിയിലെ വേദിയായ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് ബസ് താഴ്ന്നത്.
സുൽത്താൻ ബത്തേരിയിൽ നിന്ന് അഞ്ചരയോടെയാണ് മന്ത്രിമാരുടെ സംഘം മാനന്തവാടി യിലെത്തിയത്. ജനത്തെ നിയന്ത്രിക്കാനായി കെട്ടിയ ബാരിക്കേഡിനിടയിലൂടെ ബസ് സ്റ്റേജിന്റെ അടുത്തു കൊണ്ടുവരാനാണ് ആദ്യം ശ്രമിച്ചത്. ബാരിക്കേഡ് കടക്കാൻ ശ്രമിച്ചപ്പോൾ ചളിയിൽ ടയറുകൾ കറങ്ങി ബസ് നിന്നു.
ബസിന്റെ മുൻ-പിൻ ടയറുകൾ ചളിയിൽ താഴ്ന്നു പോയി. പൊലീസ് ഉദ്യോഗസ്ഥരും കമാൻഡോകളും തള്ളിയാണ് ബസിനെ ചളിയിൽ നിന്ന് കര കയറ്റിയത്. പിൻ ടയറുകൾ നല്ല രീതിയിൽ താഴ്ന്നു പോയതിനാൽ കയർ കെട്ടി വലിക്കേണ്ടി വന്നു.
ചളിയിൽ നിന്ന് കര കയറ്റിയ ശേഷം ബസ് പ്രധാന റോഡിലേക്ക് മാറ്റിയിട്ടു. നവ കേരള സദസ്സ് കഴിഞ്ഞ ശേഷം മുഖ്യ മന്ത്രിയെയും മറ്റു മന്ത്രിമാരെയും വാഹനത്തിലാണ് ബസ് നിർത്തിയിട്ട റോഡിനു സമീപം എത്തിച്ചത്. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, ആന്റണി രാജു, റോഷി അഗസ്റ്റിൻ എന്നിവർ നടന്നാണ് റോഡിലെത്തിയത്. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാവിലെയും പെയ്ത കനത്ത മഴയാണ് തിരിച്ചടിയായത്. മഴ കാരണം വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ പരാതി സ്വീകരിക്കുന്ന സ്ഥലവും മറ്റൊരിടത്തേക്ക് മാറ്റിയിരുന്നു.