fbpx
markaz charity conference

​മർകസ് (Markaz) ചാരിറ്റി കോൺഫറൻസിൽ 111 വീടുകൾ കൈമാറും

hop holiday 1st banner
Kozhikode: മർക്കസ് (Markaz) നിർമിച്ചു നൽകുന്ന 111 ഭവനങ്ങൾ ഇന്നു നടക്കുന്ന ചാരിറ്റി കോൺഫറൻസിൽ നാടിന് സമർപ്പിക്കും. മത സാമൂഹിക രാഷ്ട്രീയ ജീവകാരുണ്യ രംഗത്തെ പ്രമുഖരുടെ നേതൃത്വത്തിൽ കാരന്തൂർ മർകസിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഗുണഭോക്താക്കൾക്ക് ഭവനങ്ങൾ കൈമാറുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മദനീയം കൂട്ടായ്മയുടെ സഹകരണത്തോടെയാണ് ഭവനങ്ങളുടെ നിർമാണം മർകസ് പൂർത്തീകരിച്ചത്. കൊവിഡ് കാലത്ത് സ്വന്തം വീടുകളിൽ ഒറ്റപ്പെട്ട മനുഷ്യർക്ക് ഊർജമേകുന്നതിനും ഒരുമിപ്പിക്കുന്നതിനും വേണ്ടി അബ്ദുലത്തീഫ് സഖാഫിയുടെ നേതൃത്വത്തിൽ ആരംഭിച്ച വൈജ്ഞാനിക ഓൺലൈൻ കൂട്ടായ്മയാണ് മദനീയം. 

ഒരു ലക്ഷത്തിലധികം സ്ഥിരം അംഗങ്ങളുള്ള കൂട്ടായ്മയുടെ നേതൃത്വത്തിൽ ഭവന പദ്ധതി കൂടാതെ ജീവകാരുണ്യ പ്രവർത്തനങ്ങളും നടന്നുവരുന്നു. അഞ്ഞൂറോളം അപേക്ഷകളിൽ നിന്നാണ് അർഹരായ 111 കുടുംബങ്ങളെ കണ്ടെത്തിയത്. അപേക്ഷകരുടെ കുടുംബ, സാമൂഹിക പശ്ചാത്തലത്തെ കുറിച്ച് കൃത്യമായ സർവേ നടത്തിയാണ് അർഹരെ തിരഞ്ഞെടുത്തത്. 10 ലക്ഷം ചെലവിൽ 650 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് ഓരോ വീടിന്റെയും നിർമാണം പൂർത്തീകരിച്ചത്. 

മദനീയം കൂട്ടായ്മയിലൂടെ നിർമാണത്തിനാവശ്യമായ സാമ്പത്തികം സമാഹരിക്കുകയും സംഘടനാ ഘടകങ്ങളുടെ സഹകരണത്തോടെ മർകസ് പദ്ധതി ഭംഗിയായി നിർവഹിക്കുകയും ചെയ്തു. പദ്ധതിയുടെ ആദ്യഘട്ട സമർപ്പണത്തിലൂടെ കേരളം, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങളിലുള്ള ഒട്ടനവധി പേരുടെ സ്വന്തം ഭവനമെന്ന സ്വപ്നം നിറവേറും. 

ഇന്ന് വൈകീട്ട് നടക്കുന്ന ചാരിറ്റി കോൺഫറൻസ് മർക്കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ.സുലൈമാൻ മുസ്‌ലിയാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്, കർണാടക എം.എൽ.എ യു.ടി ഖാദർ ചടങ്ങിൽ മുഖ്യാതിഥിയാവും. എം.കെ രാഘവൻ എം.പി, പി.ടി.എ റഹീം എം.എൽ.എ പങ്കെടുക്കും. മർകസ് ഡയറക്ടർ ജനറൽ സി.മുഹമ്മദ് ഫൈസി അദ്ധ്യക്ഷത വഹിക്കും. വാർത്താസമ്മേളനത്തിൽ സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, സി.മുഹമ്മദ് ഫൈസി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, അബ്ദുലത്തീഫ് സഖാഫി മദനീയം,സി.പി ഉബൈദുല്ല സഖാഫി എന്നിവർ പങ്കെടുത്തു.
weddingvia 1st banner