Meppadi: കാട്ടിക്കുളം സ്വദേശികളായ ദമ്പതിമാരുടെ 11 മാസം പ്രായമായ പെൺ കുട്ടിയുടെ വയറ്റിൽ നിന്നും തുറന്നതും പകുതി മുറിഞ്ഞതുമായ പിന്ന് വിജയകരമായി പുറത്തെടുത്തു. വയറു വേദനയുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ കാണിച്ച കുട്ടിയുടെ എക്സ് റേ യിലൂടെയാണ് വയറ്റിനുള്ളിൽ പിന്ന് ഉണ്ടെന്ന് മനസ്സിലായത്.
തുടർന്ന് ഗാസ്ട്രോ എന്ററോളജി വിഭാഗം സ്‌പെഷ്യലിസ്റ്റ് ഡോ.ശ്രീനിവാസ് എൻഡോസ്കോപ്പിയിലൂടെ അനസ്തേഷ്യ വിഭാഗം ഡോക്ടർമാരായ ഡോ. അരുൺ അരവിന്ദ്, ഡോ. റൂബി പർവീൺ എന്നിവരുടെ നേതൃത്വത്തിൽ ജനറൽ അനസ്തെഷ്യ നൽകികൊണ്ടായിരുന്നു പിന്ന് പുറത്തെടുത്തത്.
പിന്ന് തുറന്നതും മൂർച്ച ഏറിയതും കുട്ടിയുടെ പ്രായവും അപകടത്തിന്റെ തീവ്രത കൂട്ടുന്നതായിരുന്നു. എന്നാൽ കൃത്യമായ ഇടപെടലുകളും കണ്ടെത്തലും കൃത്യമായ ചികിത്സയും അപകടത്തിന്റെ വ്യാപ്തി നന്നേ കുറച്ചു. കുട്ടികളുടെ തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ച കുട്ടിയെ ഡിസ്ചാർജ് ചെയ്തു.