Kozhikode: “എല്ലാവരെയും കൊല്ലുമെന്ന് നേരത്തേ പറയാറുള്ളതുകൊണ്ട് മകൻ വീട്ടിലുള്ളപ്പോൾ രാത്രിയിൽ ചെറിയ ശബ്ദംകേട്ടാൽപ്പോലും ഭയമാണ്. ശരിക്ക് ഉറങ്ങിയിട്ട് നാളുകളായി. എന്താണ് ചെയ്യുക എന്നറിയില്ലല്ലോ.” -ലഹരിക്കടിമയായ മകൻ കാരണം ഇത്രയുംനാൾ എത്രമാത്രം പ്രാണഭയത്താലാണ് കഴിഞ്ഞിരുന്നതെന്ന് ഈ അച്ഛന്റെ വാക്കുകളിൽ വ്യക്തമാണ്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് അമ്മ പോലീസിന് പിടിച്ചുകൊടുത്ത എലത്തൂർ എസ്.കെ. ബസാറിലെ രാഹുലിന്റെ അച്ഛൻ രാധാകൃഷ്ണൻ്റെ വാക്കുകളാണിത്.
പത്താംക്ലാസിൽ പഠിക്കുമ്പോൾ കഞ്ചാവ് ഉപയോഗിച്ച് തുടങ്ങിയതാണ് രാഹുലെന്ന് രാധാകൃഷ്ണൻ പറയുന്നു. ചികിത്സ നൽകി രക്ഷപ്പെടുത്താൻ ശ്രമിച്ചു. പല കോഴ്സുകൾക്കും വിട്ടു. ഗൾഫിൽ ജോലിക്ക് പറഞ്ഞയച്ചു. വീണ്ടും അവൻ ലഹരിയുടെ ലോകത്തേക്കുതന്നെയാണ് വന്നത്. വിവാഹം കഴിച്ചശേഷം ഭാര്യയെ മർദിക്കാൻ തുടങ്ങി. പലതരത്തിലുള്ള അക്രമങ്ങൾ വീട്ടിൽ കാണിച്ചുവെച്ചു. ഒരുദിവസം MDMA ഉപയോഗിച്ച് ഉന്മാദാവസ്ഥയിൽ സ്വന്തം കൈ മുറിച്ചശേഷം ബന്ധുവായ കൊച്ചുകുട്ടിയെ ആക്രമിച്ചു. അത് പോക്സോ കേസായി മാറുകയും രാഹുൽ ജയിലിലാവുകയും ചെയ്തു. ഒൻപതുമാസത്തോളം ജയിലിൽ കിടന്നശേഷം കരഞ്ഞ് കാലുപിടിച്ച് പറഞ്ഞിട്ടാണ് സ്വന്തം മകനല്ലേ ഏപ്രിലിൽ തങ്ങൾ അവനെ ജാമ്യത്തിൽ ഇറക്കിക്കൊണ്ടു വന്നതെന്ന് അമ്മ മിനി പറയുന്നു. മാനസാന്തരം വന്നെന്നുകരുതി കഴിഞ്ഞ ഏപ്രിൽ ഞങ്ങൾ അവനെ ജാമ്യത്തിൽ ഇറക്കി എന്നാണ് അമ്മ മിനി പറയുന്നത്.
ജാമ്യത്തിലിറങ്ങിയ ശേഷം രാഹുൽ എറണാകുളത്തേക്കെന്നു പറഞ്ഞാണ് പോയത്. കുറെക്കാലം ഒരു ബന്ധവുമില്ലായിരുന്നു. പിന്നീടാണ് അറിയുന്നത് ലഹരിയുപയോഗിക്കാൻ വാഹനം മോഷ്ട്‌ടിച്ചതിന് മൂന്നുമാസം ജയിലിലായിരുന്നെന്ന്. ഡിസംബർ ആറിനാണ് തിരിച്ചുവന്നത്. തന്റെ പേരിൽ ആറു കേസുകളുണ്ടെന്നും അതെല്ലാം വാറന്റായി കിടക്കുകയാണെന്നും പോലീസിനോട് പറയരുതെന്നും പറഞ്ഞു. മകൻ നന്നായെന്നു കരുതി പോലീസിനെ വിവരം അറിയിച്ചില്ല.
കുറച്ചുകാലം പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. പിന്നീട് ഇടയ്ക്ക് പണം ചോദിക്കും. കൊടുത്തില്ലെങ്കിൽ ബഹളമുണ്ടാക്കും. അങ്ങനെ പതിയെപ്പതിയെ പഴയ അക്രമസ്വഭാവത്തിലേക്കു വന്നുതുടങ്ങി. പുറത്തു പോയിവരുമ്പോൾ വല്ലാത്ത അവസ്ഥയിലായിരിക്കും. അതിന്റെ ലഹരിയിൽ അക്രമം കാണിക്കും. എല്ലാം കണ്ടും കേട്ടും സഹിച്ചുനിന്നു. രണ്ടാഴ്ചമുൻപാണ് കൂടുതൽ പ്രശ്നമായിത്തുടങ്ങിയത്. പോലീസിനെ വിളിക്കുമെന്നു പറഞ്ഞപ്പോൾ കഴുത്തിൽ ബ്ലേഡ് വെച്ച് അവൻ മരിക്കുമെന്നു പറഞ്ഞു. അതോടെ താൻ പിൻവാങ്ങി -മിനി പറഞ്ഞു.
“വ്യാഴാഴ്ച ടി.വി. കാണുന്നതിനിടെ അവനെ ഞങ്ങൾ കളിയാക്കുകയാണെന്നു കരുതി പെട്ടെന്ന് എഴുന്നേറ്റു. പ്രായമായ അമ്മയെ അടിക്കാനൊരുങ്ങിയപ്പോൾ ഞാൻ മുന്നിൽക്കയറി നിന്നു. പിന്നെയാണ് അവൻ പറയുന്നത് നാലുമാസം കാലാവധിയായി. താൻ എല്ലാവരെയും ഒരുമിച്ചു കൊല്ലും. എന്തായാലും ജയിലിൽ പോവും. കൊന്നിട്ടേ പോവൂ എന്നൊക്കെ. വിദേശത്ത് നഴ്‌സായി ജോലിചെയ്യുന്ന മകൾ അടുത്തമാസം വരുമെന്നാണ് അവൻ കരുതിയത്. അപ്പോ അവളെക്കൂടെ വകവരുത്താനാണ് ഉദ്ദേശ്യമെന്ന് ഭയന്നുപോയി. ജീവിച്ചുതുടങ്ങുന്ന കുഞ്ഞിനെയടക്കം ഇല്ലാതാക്കുമല്ലോ എന്ന് ഭയന്നു. ഇനിയും സംരക്ഷിച്ചാൽ അപകടമാണെന്നു തോന്നിയപ്പോൾ ഞാൻ ഭർത്താവിനെ അറിയിച്ചു അവൻ അകത്തുകിടക്കട്ടെ, അതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് പോലീസിനെ വിളിക്കുന്നത്” – വിതുമ്പലോടെ അവർ പറഞ്ഞു.
A mother in Kozhikode lives in fear of her drug-addicted son, Rahul, who has repeatedly threatened to kill his family. His addiction began in school, leading to violent behavior, imprisonment, and multiple criminal cases. Despite efforts to rehabilitate him, he returned to substance abuse and aggression. Recently, he threatened to kill everyone within four months, prompting his mother to call the police. Fearing for their safety, especially for their daughter returning from abroad, the family decided that jail was the only safe place for him.