Kozhikode: Mukkam എൻ ഐ ടിയിൽ ഇന്ത്യയുടെ ഭൂപടം കാവിയിൽ വരച്ചതിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥിയെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്ത നടപടി മരവിപ്പിച്ചു. വിദ്യാർത്ഥി സംഘടനകളുടെ കടുത്ത പ്രതിഷേധത്തിന് പിന്നാലെയാണ് തീരുമാനം. വിവിധ വിദ്യാർഥി സംഘടനകൾ എൻ ഐ ടിയിലേക്ക് നടത്തിയ മാർച്ചിൽ പൊലീസുമായ സംഘർഷമുണ്ടായിരുന്നു.
അയോധ്യയിലെ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് എൻ ഐ ടി ക്യാമ്പസിലെ ഒരു വിഭാഗം വിദ്യാർത്ഥികളുടെ കൂട്ടായ്മയായ സയൻസ് ആൻഡ് സ്പിരിച്വാലിറ്റി എന്ന ക്ലബ്ബാണ് കഴിഞ്ഞ മാസം 22 ന് ഇന്ത്യയുടെ ഭൂപടം കാവി നിറത്തിൽ തയാറാക്കിയത്. ഇതിനെതിരെ ഇന്ത്യ രാമരാജ്യമല്ലെന്ന പ്ലക്കാർഡുമായി പ്രതിഷേധിച്ച ബി ടെക് വിദ്യാർഥി വൈശാഖ് പ്രേംകുമാറിനെയാണ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത്. നേരത്തെയും അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റുഡന്റ് ഡീൻ നടപടിയെടുത്തത്. അപ്പീൽ അതോറിറ്റി വിദ്യാർഥിയുടെ അപ്പീൽ പരിഗണിക്കുന്നത് വരെയാണ് ഈ തീരുമാനം ഇപ്പോൾ മരവിപ്പിച്ചിരിക്കുന്നത്.