Omassery: ‘എന്റെ തൊഴിൽ;എന്റെ അഭിമാനം’ പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ Omassery കമ്മ്യൂണിറ്റി ഹാളിൽ തൊഴിൽ മേളയും ഡി.ഡബ്ലിയു.എം.എസ്.രജിസ്‌ട്രേഷൻ ക്യാമ്പും സംഘടിപ്പിച്ചു.
പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സൈനുദ്ദീൻ കൊളത്തക്കര സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മെമ്പർമാരായ എം.എം.രാധാമണി ടീച്ചർ, എം.ഷീജ ബാബു, അശോകൻ പുനത്തിൽ, കമ്മ്യൂണിറ്റി അംബാസഡർ ഫാത്വിമത്തു സുഹറ ചേറ്റൂർ എന്നിവർ സംസാരിച്ചു. ബിജീഷ് കുമാർ, സ്മിത എന്നിവർ തൊഴിൽ മേളക്ക് നേതൃത്വം നൽകി.
എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി സംവിധാനിച്ച DWMS പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള ‘സ്റ്റെപ്-അപ്’ കാമ്പയിൻ പഞ്ചായത്തിൽ പുരോഗമിക്കുകയാണ്. ഓരോ വാർഡിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മൂന്ന് വീതം സന്നദ്ധ സേവകരുടെ നേതൃത്വത്തിലാണ് രജിസ്ട്രേഷൻ കാമ്പയിൻ നടക്കുന്നത്. ഇതിനകം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് 1455 അഭ്യസ്ത വിദ്യരായ തൊഴിൽ രഹിതർ പോർട്ടലിൽ രജിസ്റ്റർ ചെയ്തു. ലോകമെമ്പാടുമുള്ള തൊഴിൽ ദാതാക്കളെ കേരളത്തിലെ ഉദ്യോഗാർത്ഥികളുമായി ബന്ധിപ്പിക്കുന്ന പ്ലാറ്റ് ഫോമാണ് സർക്കാരിന്റെ കേരള നോളജ് ഇക്കണോമി മിഷൻ ആരംഭിച്ച DWMS.
തൊഴിൽ അന്വേഷകരെയും തൊഴിൽ ദാതാക്കളെയും നൈപുണ്യ പരിശീലന ഏജൻസികളെയും ഇതു വഴി ബന്ധിപ്പിക്കും. 18 നും 59 നും ഇടയ്ക്ക് പ്രായമുള്ള പ്ലസ് ടു കഴിഞ്ഞ അഭ്യസ്ത വിദ്യർക്ക് രജിസ്റ്റർ ചെയ്യാം. രജിസ്‌റ്റർ ചെയ്‌ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ കരിയർ മുൻഗണനകൾ മികച്ചതാക്കാനും പ്രൊഫൈലുകൾ മികവുള്ളതാക്കാനും അതുവഴി ജോലി കണ്ടെത്താനും കഴിയും. രജിസ്ട്രേഷൻ പൂർത്തിയായാൽ പ്രൊഫൈലിനെ അടിസ്ഥാനമാക്കി ഡാഷ് ബോർഡിൽ ജോലികളുടെ സാധ്യതകൾ കാണാനാകും. സ്വയം വിലയിരുത്തി ഇഷ്ടമുള്ള ജോലി തെരഞ്ഞെടുക്കാം.
യോഗ്യതയും കഴിവും അനുസരിച്ചുള്ള തൊഴിൽ, വൈദഗ്ധ്യ തൊഴിലുകളിൽ പരിശീലനം, സാമൂഹ്യ സുരക്ഷാ സംവിധാനങ്ങൾ, വ്യക്തിത്വ വികാസ പരിശീലനത്തിനുള്ള അവസരം, കമ്മ്യൂണിക്കേഷൻ സ്കിൽ, ഇന്റർവ്യൂ സ്കിൽ, തൊഴിൽ പരിശീലനത്തിനുള്ള സ്കോളർഷിപ്പ്, ഫ്രീലാൻസ് പാർട്ട് ടൈം ജോലികൾ തുടങ്ങിയ സേവനങ്ങൾ DWMS പോർട്ടലിലൂടെ ലഭിക്കും. തൊഴിലന്വേഷകർക്ക് നൈപുണ്യ പരിശീലനം നൽകി സ്വകാര്യ മേഖലയിൽ വിജ്ഞാന തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്നതാണ് DWMS ലക്ഷ്യം വെക്കുന്നത്.