Kalpetta: പൂക്കോട് വെറ്ററിനറി കോളേജ് ഹോസ്റ്റലിലെ പെൺകുട്ടികളെ വീട്ടിൽ വിടുന്നില്ലെന്ന് പരാതി. കാംപസിലെ രണ്ട് ലേഡീസ് ഹോസ്റ്റലുകളിലായി താമസിക്കുന്ന വിദ്യാർഥിനികൾക്ക് വീട്ടിൽ പോകാൻ അനുമതി നൽകുന്നില്ലെന്നാണ് രക്ഷിതാക്കൾ പരാതിപ്പെടുന്നത്. അനുമതി ചോദിക്കുമ്പോൾ സ്റ്റാഫ് അഡ്വൈസർമാരിൽനിന്ന് വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്നും ഒരു രക്ഷിതാവ് പറഞ്ഞു.
ഏകദേശം നാനൂറോളം പെൺകുട്ടികളാണ് കാംപസിലെ രണ്ട് ലേഡീസ് ഹോസ്റ്റലുകളിലായി താമസിക്കുന്നത്. പുറത്തിറങ്ങിയാൽ പ്രശ്നമുണ്ടാകും അതിനാൽ പുറത്തേക്ക് പോകേണ്ടെന്നാണ് അധികൃതർ വിദ്യാർഥിനികളോട് പറയുന്നത്. ഇതേക്കുറിച്ച് സ്റ്റാഫ് അഡ്വൈസർമാരോട് തിരക്കുമ്പോൾ മുകളിൽനിന്നുള്ള നിർദേശമാണെന്നാണ് ഇവരുടെ മറുപടി. അതേസമയം, തുടർച്ചയായ സമരവും പ്രതിഷേധവും കാരണം ഹോസ്റ്റലിൽ തുടരാൻ ബുദ്ധിമുട്ടാണെന്നാണ് പലരും പറയുന്നത്. ക്ലാസില്ലാത്ത സാഹചര്യത്തിൽ വീട്ടിൽ പോകാൻ അനുമതി നൽകണമെന്നും വിദ്യാർഥിനികളും രക്ഷിതാക്കളും ആവശ്യപ്പെടുന്നു.