Perambra: പേരാമ്പ്ര അനു കൊലക്കേസിലെ പ്രതി മുജീബ് റഹ്മാനെ ഇന്ന് കൂടുതല്‍ ചോദ്യംചെയ്യലിന് വിധേയമാക്കും. കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണങ്ങള്‍ വിറ്റ കൊണ്ടോട്ടിയിലും തെളിവെടുപ്പ് നടത്തും. അനുവിനെ കൊലപ്പെടുത്തിയ വാളൂര്‍ അള്ളിയോറതാഴെയില്‍ മുജീബുമായി ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. അനുവിന്റെ രണ്ട് ആഭരണങ്ങള്‍ ഇനി കണ്ടെത്താനുണ്ട്.
പ്രതി ബൈക്ക് മോഷ്ടിച്ച കണ്ണൂര്‍ മട്ടന്നൂരില്‍ ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. കസ്റ്റഡി കാലാവധി വെള്ളിയാഴ്ച അവസാനിക്കും.
പേരാമ്പ്ര നൊച്ചാട് സ്വദേശിനിയായ അനുവിനെ ചൊവ്വാഴ്ചയാണ് തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സംഭവം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് നിരവധി കേസുകളില്‍ പ്രതിയായ മുജീബിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആഭരണങ്ങള്‍ മോഷ്ടിക്കുന്നതിനിടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് നിഗമനം. ബലാത്സംഗമടക്കം 50ലേറെ കേസുകളില്‍ പ്രതിയാണ് മുജീബ്.
കണ്ണൂരില്‍ നിന്ന് മോഷ്ടിച്ച ബൈക്കിലെത്തി ലിഫ്റ്റ് നല്‍കിയ പ്രതി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് യുവതിയെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു. അനു ധരിച്ച സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതും മുട്ടിന് താഴെ വരെ മാത്രം വെള്ളമുള്ള തോട്ടില്‍ മുങ്ങിമരിച്ചതും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തിലെ മുറിവേറ്റ പാടുകളുമാണ് മരണം കൊലപാതകമെന്ന സംശയത്തിലേക്ക് പൊലീസിനെ നയിച്ചത്. സംഭവ ദിവസം പ്രദേശത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ട ബൈക്ക് യാത്രയുടെ സി.സി.ടി.വി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.