Kozhikkode: കോഴിയുടെ വില അനിയന്ത്രിതമായി വർദ്ധിപ്പിക്കുന്ന കോഴി ഫാം ഉടമകളുടെ നടപടിക്കെതിരേ കോഴിക്കോട് ജില്ലയിൽ ചിക്കൻ വ്യാപാരികൾ ആരംഭിച്ച സമരം പിൻവലിച്ചു. ഇന്നലെ മലപ്പുറത്ത് ചേർന്ന ചിക്കൻ ഫാം ഉടമകളുടെയും ചിക്കൻ വ്യാപാരി സമിതിയുടെയും നേതാക്കൾ നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്.
കേരളത്തിലെ ഫാമിൽ നിന്ന് ലഭിക്കുന്ന കോഴിക്ക് കിലോയിൽ രണ്ടു രൂപ കുറയ്ക്കാൻ ഫാം ഉടമകൾ തയാറായതോടെയാണ് സമരം പിൻവലിക്കാൻ ധാരണയായത്. ഇതോടെ മൂന്ന് ദിവസം നടത്താൻ തീരുമാനിച്ചിരുന്ന കടയടപ്പ് സമരം കോഴിക്കോട് ജില്ലയിൽ പിൻവലിച്ചു.
അതേസമയം സംസ്ഥാന വ്യാപകമായി ചിക്കൻ വ്യാപാരി സമിതിയുടെ നേതൃത്വത്തിൽ ഇന്ന് നടത്താൻ തീരുമാനിച്ച കടയടപ്പ് സമരത്തിന് കോഴിക്കോട് ജില്ലയിൽ ഒഴികെ മാറ്റമില്ല. ഇന്നലെ കടയടച്ച് സമരം നടത്തിയതിനെ തുടർന്നാണ് ഇന്ന് ജില്ലയിൽ സമരം നടത്തേണ്ടെന്ന തീരുമാനത്തിലെത്തിയത്.
നിലവിൽ വ്യാപാരികൾക്ക് കിലോയ്ക്ക് 138 രൂപ നിരക്കിലാണ് ഫാമിൽ നിന്ന് കോഴി ലഭിക്കുന്നത്. ഇത് രണ്ടു രൂപ കുറച്ച് 136 രൂപയ്ക്ക് നൽകാനാണ് ചർച്ചയിൽ ധാരണയായത്. മാത്രവുമല്ല, ഭാവിയിൽ കോഴി ഫാം ഉടമകൾ മുന്നറിയിപ്പില്ലാതെ അനാവശ്യമായി വില വർദ്ധിപ്പിക്കില്ലെന്ന ഉറപ്പും വ്യാപാരികൾക്ക് നൽകി.
കോഴി വില അനിയന്ത്രിതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്നലെ മുതൽ നാളെ വരെ Kozhikode ജില്ലയിൽ കടയടച്ച് സമരം നടത്താനായിരുന്നു ചിക്കൻ വ്യാപാരി വ്യവസായി സമിതിയുടെ ആഹ്വാനം. ഇന്ന് സംസ്ഥാന വ്യാപകമായി സമരം നടത്താനും തീരുമാനിച്ചിരുന്നു. കോഴി ഫാം ഉടമകളായ കെ. രാമചന്ദ്രൻ, മുക്കം സിദ്ദിഖ്, ചിക്കൻ വ്യാപാരി വ്യവസായി സമിതി നേതാക്കളായ കെ.വി. റഷീദ്, വി.പി. മുസ്തഫ, വി. അബ്ദുറഹ്‌മാൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു