Thiruvambady: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ പേ വിഷബാധ പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ സ്കൂളുകളിൽ സ്പെഷ്യൽ അസംബ്ലിയും ബോധവൽക്കരണ ക്ലാസും നടത്തി.
തിരുവമ്പാടി സേക്രട്ട് ഹാർട്ട് യുപി സ്കൂളിൽ വച്ച് നടന്ന പരിപാടിയിൽ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയ, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, പ്രധാന അധ്യാപകൻ സുനിൽ പോൾ എന്നിവർ സംസാരിച്ചു.
സമൂഹം നേരിടുന്ന ഒരു പ്രധാന ആരോഗ്യ സുരക്ഷ വെല്ലുവിളിയാണ് പേവിഷബാധ. മൃഗങ്ങളുടെ കടി, പോറൽ, മാന്തൽ, ഉമിനീരുമായുള്ള സമ്പർക്കം എന്നിവ ഉണ്ടാകുമ്പോൾ ഉടൻ തന്നെ പ്രഥമ ശുശ്രൂഷയും കുത്തിവെപ്പും നൽകേണ്ടതുണ്ട്, ഇതിനായി കുട്ടികളിലും അധ്യാപകരിലും രക്ഷിതാക്കൾക്കിടയിലും പേ വിഷബാധയെ കുറിച്ചും പ്രതിരോധ മാർഗങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനാണ് പ്രത്യേക അസംബ്ലിയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചത്.
ഗ്രാമപഞ്ചായത്തിലെ മറ്റ് സ്കൂളുകളിൽ നടത്തിയ ബോധവൽക്കരണ ക്ലാസിലും സ്പെഷ്യൽ അസംബ്ലിയിലും ആരോഗ്യ പ്രവർത്തകരും അധ്യാപകരും ബോധവൽക്കരണ ക്ലാസും പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.
മൃഗങ്ങളുടെ കടിയേറ്റ ഭാഗം സോപ്പ് ഉപയോഗിച്ച് ഒഴുകുന്ന വെള്ളത്തിൽ 15 മിനിറ്റ് നന്നായി കഴുകണമെന്നും പ്രതിരോധ കുത്തിവെപ്പുകൾ നിർബന്ധമായും എടുക്കണമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.