Wayanad: പൂതാടി മഹാ ക്ഷേത്രത്തിലെ ഭണ്ഡാരം കവർച്ച ചെയ്ത കേസിലെ പ്രതികളെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി പൊലീസിന് കൈമാറി. പതിവ് പരിശോധനയ്ക്കിടെ കാരാപ്പഴു പദ്ധതി പ്രദേശത്ത് രണ്ടുപേരെ സംശയാസ്പദമായി കണ്ടു. ലഹരി കൈവശം വച്ചവരെന്നായിരുന്നു സംശയം. വിശദമായി ചോദ്യം ചെയ്യാൻ തുടങ്ങിയതോടെ ഇവർ ഓടിപ്പോകാൻ ശ്രമിച്ചു. രണ്ടു പേരെയും എക്സൈസ് പിന്നാലെ ഓടി പിടികൂടി. അപ്പോഴാണ് ഭണ്ഡാരം കവർച്ച ചെയ്തവരാണ് പ്രതികളെന്ന് മനസ്സിലായത്. മീനങ്ങാടി സ്വദേശികളായ സരുൺ, സനിൽ എന്നിവരാണ് പിടിയിലായത്. പ്രതികളെ കേണിച്ചിറ പൊലീസിന് കൈമാറി. ഇവരുടെ പക്കൽ നിന്നും ഭണ്ഡാരം കുത്തി പൊളിക്കാൻ ഉപയോഗിച്ച ആയുധങ്ങളും എക്സൈസ് തന്നെ കണ്ടെടുത്തു. മോഷണത്തിന് പ്രതികൾ ഉപയോഗിച്ച വാഹനം മറ്റൊരിടത്ത് നിന്ന് മോഷ്ടിച്ചതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു