Kozhikode കമ്മീഷണര്‍ ഓഫീസിന് സമീപം വിദ്യാര്‍ഥിയുടെ കയ്യില്‍ നിന്ന് പണവും ഫോണും പിടിച്ചുപറിച്ച പ്രതികള്‍ ഒടുവില്‍ പൊലീസിന്‍റെ വലയിലായി. നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങളുടെ ചുവടുപിടിച്ചുള്ള അന്വേഷണമാണ് പ്രതികളിലേക്ക് പൊലീസിനെ എത്തിച്ചത്. കൊലപാതകം, മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെടെ നേരത്തെ പ്രതിചേര്‍ക്കപ്പെട്ടവരാണ് കുറ്റവാളികളെന്ന് പൊലീസ് പറഞ്ഞു
ഫെബ്രുവരി 25ന് കമ്മീഷണര്‍ ഓഫീസിനടുത്തെ ഇടറോഡിലൂടെ നടന്നുപോകവെയാണ് വയനാട് സ്വദേശിയായ വിദ്യാര്‍ഥിയെ ആക്രമിച്ച് പണവും ഫോണും പ്രതികള്‍ കൈക്കലാക്കിയത്. അല്‍പസമയത്തിനകം പൊലീസ് എത്തിയപ്പോഴേക്കും കുറ്റവാളികള്‍ മുങ്ങി. പ്രതികളെല്ലാം ഇരുപതും, ഇരുപത്തിയൊന്നും വയസുള്ള ചെറുപ്പക്കാര്‍. പയ്യാനക്കല്‍ ചാമുണ്ടിവളപ്പ് സ്വദേശി മുഹമ്മദ് സംഷീര്‍, അരക്കിണര്‍ സ്വദേശി മുഹമ്മദ് ഷാമില്‍, നടക്കാവ് തോപ്പയില്‍ മുഹമ്മദ് ഷാനിദ്, പുതിയങ്ങാടി നടുവിലകം വീട്ടില്‍ ജംഷാദ് എന്നിവരാണ് പിടിയിലായ പ്രതികള്‍. കസബ പൊലീസാണ് പ്രതികളെ വിവിധയിടങ്ങളില്‍ നിന്നായി പിടികൂടിയത്. സംഷീര്‍, ഷാമില്‍, ജംഷാദ് എന്നീ പ്രതികള്‍ കോഴിക്കോട് നഗരത്തില്‍ തന്നെ കൊലക്കേസടക്കമുള്ളവയില്‍ പ്രതികളാണ്. കവര്‍ച്ച നടത്തിക്കിട്ടിയിരുന്ന പണം മദ്യപാനത്തിനും മയക്കുമരുന്നിനുമാണ് ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി,
പരാതിക്കാരനായ വിദ്യാര്‍ഥിയില്‍ നിന്ന് തട്ടിയെടുത്ത പണവും ഫോണും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ കേസുകളില്‍ പ്രതികളാണോ ഇവരെന്ന് അന്വേഷിക്കുകയാണ് പൊലീസ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു