Thamarassery: താമരശ്ശേരി ചുരം വ്യൂപോയിന്റില്‍ ഇപ്പോള്‍ തിരക്കോട് തിരക്കാണ്. ചാറ്റല്‍മഴക്കൊപ്പം എത്തുന്ന കോടമഞ്ഞിന്റെ പശ്ചാത്തലത്തില്‍ ഫോട്ടോയെടുക്കാനും വ്യൂപോയിന്റില്‍ നിന്ന് താഴേക്കുള്ള കാഴ്ച്ചകള്‍ ആസ്വാദിക്കാനുമാണ് ആളുകളുടെ തിരക്ക്. പുലര്‍കാലത്ത് തന്നെ ചുരം പാതയിലും പരിസരങ്ങളിലുമൊക്കെ കോടമഞ്ഞ് സഞ്ചാരികള്‍ എത്തുന്നുണ്ട്. മിക്ക സമയങ്ങളിലും നൂല്‍മഴ പെയ്യുന്ന ചുരത്തില്‍ കോടമഞ്ഞിറങ്ങിയാല്‍ ഡ്രൈവര്‍മാര്‍ക്ക് ആധിയാണെങ്കിലും ഇതുവഴിയുള്ള യാത്രികര്‍ മഞ്ഞും തണുപ്പും ശരിക്കും ആസ്വാദിക്കുകയാണ്.
ഉച്ചവെയിലിനെ മായ്ച്ച് നില്‍ക്കുന്ന നേര്‍ത്ത മഞ്ഞിന്‍കണങ്ങളുടെ പശ്ചാത്തലത്തിലുള്ള ചുരം വ്യൂപോയിന്റില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ സദാ സമയവും സഞ്ചാരികളുടെ തിരക്കാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ളവരും തെക്കന്‍ ജില്ലക്കാരും വയനാട്ടിലേക്ക് എത്താന്‍ ആശ്രയിക്കുന്നത് പ്രധാനമായും നാടുകാണി, താമരശ്ശേരി ചുരങ്ങളെയാണ്. ഇവയില്‍ തന്നെ കൂടുതല്‍ സുരക്ഷിതമായും നേരിട്ടും വയനാട്ടിലെത്തിപ്പെടാന്‍ കഴിയുന്നത് താമരശ്ശേരി വഴിയാണ്.