Kodanchery: Thamarassery സബ് ജില്ലാ കലാ മേളയിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 201 പോയിന്റോടെ വീണ്ടും റണ്ണേഴ്സ് അപ്പ് ട്രോഫി കരസ്ഥമാക്കിയ വേളംകോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ പ്രതിഭകളെ പി ടി എയും, മാനേജ്മെന്റും, അദ്ധ്യാപകരും ചേർന്ന് ആദരിച്ചു.
മത്സര ഇനങ്ങളിൽ എല്ലാം മികച്ച പ്രകടനം കാഴ്ച വച്ചാണ് സെന്റ് ജോർജ്സ് ഹയർ സെക്കന്ററി സ്കൂൾ വിജയ കുതിപ്പ് തുടർന്നത്. സയൻസ് കൊമേഴ്സ് ബാച്ചുകളിലെ വിദ്യാർത്ഥികളാണ് അരങ്ങിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ചത്.
കലാ മേളയിലെ പ്രധാന ആകർഷണമായ ഗ്രൂപ്പ് ഡാൻസ്, ഗ്രൂപ്പ് സോങ്, പരിച മുട്ടുകളി, മാർഗം കളി,മൂകാഭിനയം എന്നീ മത്സരങ്ങൾക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയവർക്ക് ഏവർ റോളിങ് ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനിച്ചു.
വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളിലും മത്സരിച്ച് സ്കൂളിനായി കൂടുതൽ പോയിന്റ് നേടിയ ക്രിസ്റ്റീന ജിജി, അമേയ വിനീഷ്, ഇസ ഷിജോ, മുഹമ്മദ് നാസിം, അനശ്വര ശിവരാജൻ, നിഹിത വിജയൻ, എന്നിവരെ പ്രത്യേക സമ്മാനങ്ങൾ നൽകി ആദരിച്ചു.
പ്രസ്തുത മത്സര ദിനങ്ങളിൽ രക്ഷിതാക്കളുടെ നിർല്ലോഭമായ സാന്നിധ്യവും സഹകരണവും സ്കൂളിന്റെ മികവാർന്ന വിജയത്തിനു മുതൽക്കുട്ടായി.
പി ടി എ പ്രസിഡന്റ് ഷിജി ആന്റണി, മാനേജ്മെന്റ് പ്രതിനിധിയും അധ്യാപികയുമായ സി. സുധർമ്മ എസ് ഐ സി, അധ്യാപകർ അനധ്യാപകർ, പ്രിൻസിപ്പൽ എന്നിവർ സന്നിഹിതരായിരുന്നു.