Pathanamthitta: മോഷ്ടിച്ച സ്കൂട്ടറിൽ ഹെൽമറ്റില്ലാതെ കറങ്ങിയ കള്ളനെ കുടുക്കി എഐ കാമറ. മോഷ്ടാവിന്റെ ചിത്രം സഹിതം വാഹനഉടമയ്ക്ക് സന്ദേശം ലഭിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കള്ളനെ കയ്യോടെ പൊക്കിയത്. മോഷണവുമായി ബന്ധപ്പെട്ട് തടവുശിക്ഷ കഴിഞ്ഞ് പുറത്തുവന്ന സെബാസ്റ്റ്യനെ (ബിജു -53) കീഴ്വായ്പൂര് പോലീസാണ് അറസ്റ്റുചെയ്തു. നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.
ഒരുകോടി രൂപ വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹമുൾപ്പടെയുള്ളവ മോഷ്ടിച്ച കേസുകളിൽ പ്രതിയായി ജയിൽശിക്ഷ അനുഭവിച്ചശേഷം 2023 മേയ് 25-നാണ് ഇയാൾ മോചിതനായത്. പുറത്തിറങ്ങിയതിനു പിന്നാലെ മോഷണം പതിവാക്കുകയായിരുന്നു. 26-ന് മോട്ടോർ സൈക്കിളും 27-ന് കാറും മോഷ്ടിച്ചു. 28-രാത്രിയിൽ മല്ലപ്പള്ളി ജി.എം.എം. ആശുപത്രിയിലെ ഫാർമസിസ്റ്റിന്റെ രണ്ടുപവൻവരുന്ന സ്വർണമാല കവർന്നു. ദൃശ്യങ്ങൾ C.C.T.Vക്യാമറയിൽനിന്ന് ലഭിച്ചു.
അന്നുതന്നെ മല്ലപ്പള്ളി ചാലുങ്കൽ ഭാഗത്ത് വീട് കുത്തിത്തുറന്ന് മോഷണ ശ്രമം നടത്തി. ഏറ്റുമാനൂരിൽനിന്ന് മോട്ടോർസൈക്കിൾ മോഷ്ടിച്ചു. അന്ന് രാത്രി മല്ലപ്പള്ളി ടൗണിന് സമീപം ആനിക്കാട് റോഡിൽ K Mart എന്ന കടയിൽനിന്ന് 31,500 രൂപയും ഒരു സ്കൂട്ടറും മോഷ്ടിച്ചു.
ഈ സ്കൂട്ടറിൽ ഹെൽമറ്റില്ലാതെ സഞ്ചരിച്ചതാണ് ഇയാളെ കുടുക്കിയത്. തിരുവനന്തപുരത്ത് പാങ്ങോട് ഹെൽമെറ്റ് വെക്കാതെ ഇയാൾ ഈ സ്കൂട്ടർ ഓടിക്കുന്ന ചിത്രം സഹിതം ഉടമയുടെ ഫോണിൽ പിഴ അടയ്ക്കാൻ അറിയിപ്പെത്തുകയായിരുന്നു.
തുടർന്ന് വണ്ടി മോഷണം പോയവിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. അൻപതിലധികം മോഷണക്കേസുകളിൽ പ്രതിണ് ഇയാൾ. ഇയാൾ മൊബൈൽ ഫോൺ ഉപയോഗിക്കില്ലെന്നും സ്ഥിരമായി ഒരിടത്ത് താമസിക്കാറില്ലെന്നുമാണ് പൊലീസ് പറയുന്നത്.