Koyilandy: പൊയില്‍ക്കാവ് ദുര്‍ഗാ ദേവി ക്ഷേത്രത്തിന്‍റെ ഭണ്ഡാരം കുത്തി തുറന്ന് മോഷണം. ഭണ്ഡാരം തുററക്കാനുപയോഗിച്ചതെന്ന് കരുതുന്ന ഇരുമ്പ് വടി ക്ഷേത്രത്തിന് സമീപത്ത് നിന്ന് കണ്ടെത്തി. നടപ്പന്തലിനകത്തുള്ള പ്രധാന ഭണ്ഡാരത്തിലെ പണമാണ് മോഷ്ടിക്കപ്പെട്ടത്. പുലര്‍ച്ചെ നാലു മണിയോടെ ക്ഷേത്ര ജീവനക്കാരി എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. നോട്ടുകള്‍ എടുത്ത ശേഷം നാണയത്തുട്ടുകള്‍ ഭണ്ഡാരത്തില്‍ തന്നെ ഉപേക്ഷിച്ചിട്ടുണ്ട്. എത്ര തുക നഷ്ടമായെന്ന് കണക്കാക്കാനായിട്ടില്ല. മണ്ഡല കാലത്തോടനുബന്ധിച്ച് നിരവധി പേര്‍ ക്ഷേത്രത്തില്‍ കാണിക്ക സമര്‍പ്പിച്ചിരുന്നു.
ക്ഷേത്രത്തിന്റ വടക്ക് ഭാഗത്ത് നിന്നാണ് ഭണ്ഡാരം കുത്തി തുറക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ഇരുമ്പ് ദണ്ഡ് ലഭിച്ചത്. പൊലീസും വിരലടയാള വിദഗ്ദരും പരിശോധന നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ദിവസങ്ങള്‍ക്ക് മുന്‍പ് സമീപത്തെ മറ്റൊരു ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു. മോഷണം തുടര്‍ക്കഥയായതോടെ നാട്ടുകാരും ആശങ്കയിലാണ്.