Kozhikode: “വിദ്വേഷത്തിനെതിരെ ദുർ ഭരണത്തിനെതിരെ” എന്ന മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കാമ്പയിൻ 21 ന് ഞായറാഴ്ച കോഴിക്കോട്ട് മഹാറാലിയോട് കൂടി സമാപിക്കുമെന്ന് സ്വാഗത സംഘം ഭാര വാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യയുടെ മതേതര പാരമ്പര്യത്തെ തകർത്ത് വെറുപ്പിന്റെ പ്രചാരകരായി മാറുന്ന കേന്ദ്ര സർക്കാറിന്റെയും അഴിമതിയും ജന ദ്രോഹവും മുഖ മുദ്രയാക്കിയ കേന്ദ്ര കേരള ഭരണ കൂടങ്ങളുടെയും പൊള്ളത്തരങ്ങൾക്കെതിരെ ജന രോഷമുയർത്താനാണ് കാമ്പയിൻ നടത്തിയത്.
ശാഖാ തലങ്ങളിൽ യൂത്ത് മീറ്റ്, പഞ്ചായത്ത് തലത്തിൽ പ്രതിഭാ ഫെസ്റ്റ്, മണ്ഡലം തലത്തിൽ സ്മൃതി വിചാരം, യുവോത്സവം പരിപാടികൾ നടത്തി. തുടർന്ന് 14 ജില്ലകളിലും യൂത്ത് മാർച്ചുകൾ നടത്തിയതിന് ശേഷമാണ് കാമ്പയിൻ സമാപനമായി മഹാറാലി നടത്തുന്നത്. 21 ന് ഞായറാഴ്ച്ച Kozhikode സ്വപ്ന നഗരിയിൽ നിന്നും 3 മണിക്ക് മഹാ റാലി ആരംഭിക്കും.
വൈകിട്ട് അഞ്ച് മണിയോടെ കടപ്പുറത്ത് റാലി സമാപിച്ച് പൊതു സമ്മേളനം ആരംഭിക്കും. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. തെലങ്കാന സംസ്ഥാന പഞ്ചായത്തിരാജ് മന്ത്രി ധൻസാരി അനസൂയ സീതക്ക മുഖ്യാതിഥിയാവും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുസ്‌ലിം ലീഗ് ദേശീയ സംസ്ഥാന നേതാക്കൾ പങ്കെടുക്കും.
മഹാ റാലിയോടനുബന്ധിച്ച് മുസ്‌ലിം യൂത്ത് ലീഗിന്റെ വൈറ്റ് ഗാർഡ് സ്‌പെഷ്യൽ റസ്‌ക്യു ടീമിന്റെയും ബാന്റ് ടീമിന്റെയും പാസിംഗ് ഔട്ട് പരേഡും നടക്കുമെന്നും അവർ അറിയിച്ചു.
പത്ര സമ്മേളനത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ, പി.കെ. ഫിറോസ്, പി.ഇസ്മായിൽ, അഷ്‌റഫ് എടനീർ, ടി.പി.എം ജിഷാൻ എന്നിവർ പങ്കെടുത്തു.