Koduvally: നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ മഞ്ഞപ്പിത്തം വ്യാപകമായ സാഹചര്യത്തിൽ കരുതൽ നടപടികളുമായി നഗരസഭയും ആരോഗ്യവകുപ്പും രംഗത്ത്. പോർങ്ങോട്ടൂർ, പൊയിലങ്ങാടി ഭാഗങ്ങളിൽ മഞ്ഞപ്പിത്തം വ്യാപകമാണ്. തിങ്കളാഴ്ച പൊയിലങ്ങാടി മഠത്തിൽ രജിന (35) മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചിരുന്നു.
പോർങ്ങോട്ടൂർ, പൊയിലങ്ങാടി ഭാഗങ്ങളിലായി അമ്പതിൽപരം പേർക്ക് മഞ്ഞപ്പിത്ത ലക്ഷണങ്ങളുള്ളതായി നാട്ടുകാർ പറയുന്നു. മഞ്ഞപ്പിത്തബാധയുള്ള 12 പേർ നിരീക്ഷണത്തിലുള്ളതായും രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ആരോഗ്യവകുപ്പ് പറയുന്നു.
പ്രദേശത്തെ പാലക്കുന്ന് ജലനിധി കുടിവെള്ള പദ്ധതിയിൽനിന്നുള്ള വെള്ളം ഉപയോഗിക്കുന്നവരിലാണ് അധികവും മഞ്ഞപ്പിത്തലക്ഷണങ്ങൾ കണ്ടുവന്നത്. ഈ കുടിവെള്ളപദ്ധതിയുടെ ടാങ്ക് വൃത്തിയാക്കി ക്ലോറിനേഷൻ നടത്തുകയുണ്ടായി.