Thamarassery: നൂറുകണക്കിന് വാഹനങ്ങൾ തലങ്ങും വിലങ്ങും ചീറിപ്പായുന്ന കോഴിക്കോട് – കൊല്ലഗൽ ദേശീയപാത, Thamarassery ഗ്രാമപ്പഞ്ചായത്തിലൂടെ കടന്നു പോവുന്ന മിക്കയിടങ്ങളിലും സീബ്രാവരകൾ മാഞ്ഞുപോയ നിലയിൽ.
സീബ്രാവരകൾ എന്നോ അപ്രത്യക്ഷമായതിനാൽ വാഹനങ്ങൾ ഇട തടവില്ലാതെ സഞ്ചരിക്കുന്ന തിരക്കേറിയ ദേശീയപാത ആശങ്കയോടെ മുറിച്ചു കടക്കേണ്ട സ്ഥിതിയാണ് കാൽ നട യാത്രികർക്ക്.
സംസ്ഥാനപാതയും മിനി ബൈപ്പാസും ഇട റോഡുകളുമെല്ലാം സമ്മേളിക്കുന്ന ഭാഗങ്ങളിൽ ദേശീയപാത 766-ന് മറുപുറത്തെത്താൻ കാൽനടയാത്രക്കാർ നേരിടുന്ന ക്ലേശം ചെറുതല്ല. നൂറു കണക്കിനാളുകൾ പ്രതിദിനം വന്നുപോവുന്ന താലൂക്കാശുപത്രിക്കും ബസ് സ്റ്റാൻഡുകൾക്കും പൊതു കാര്യാലയങ്ങൾക്കും മുന്നിലെല്ലാം ഇങ്ങനെ റോഡിന് അപ്പുറത്തെത്താൻ നന്നേ പ്രയാസപ്പെടുന്ന ഒട്ടേറെപ്പേരെ കാണാം. ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ വാഹനങ്ങളിടിച്ച് ഒട്ടേറെപ്പേർക്കാണ് പരിക്കേറ്റത്. തലനാരിഴയ്ക്കാണ് റോഡ് മുറിച്ചുകടക്കുന്ന പലരും വാഹനങ്ങൾക്കടിയിൽപ്പെടാതെ രക്ഷപ്പെടുന്നത്.