Kodanchery: വേളങ്കോട് സെന്റ് ജോർജ്സ് ഹൈസ്കൂളിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി ‘സത്സങ്ങ് 2K23’ എന്ന പേരിൽ രണ്ട് ദിവസത്തെ മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. ജീവിതം എങ്ങനെ അർഥപൂർണമാക്കാം എന്ന ചിന്തയെ അടിസ്ഥാനമാക്കിയായിരുന്നു ക്ലാസ്സ്.
സ്പാർക് എന്ന മോട്ടിവേഷൻ ടീം നയിച്ച ക്ലാസ്സിൽ ഫാദർ വിപിൻ (ഒ എഫ് എം ക്യാപ്) , ഫാദർ ജിബിൻ (ഒ എഫ് എം ക്യാപ്), ഫാദർ ക്ലിൻസ് (ഒ എഫ് എം ക്യാപ് ) എന്നിവർ വിവിധ വിഷയങ്ങൾ കുട്ടികളോട് സംവദിച്ചു. ക്ലാസുകൾ സംഗീത സാന്ദ്രമാക്കിയത് ടീം അംഗം ജോൺ പോളാണ്.
വിവിധ കളികൾ, പാട്ടുകൾ, പ്രവർത്തനങ്ങൾ എന്നിവയിലൂടെ പുരോഗമിച്ച ക്ലാസ്സ് കുട്ടികളുടെ വ്യക്തിത്വ വികാസം, സ്വഭാവരൂപീകരണം, പഠനത്തിന് ആവശ്യമായ ടിപ്സ് എന്നീ മേഖലകളെലാം സ്വാധീനിക്കുന്നവയായിരുന്നു. കുട്ടികൾക്ക് പുറമെ മാതാപിതാക്കൾക്ക് വേണ്ടിയും രണ്ടാം ദിനം ക്ലാസുകൾ സംഘടിപ്പിക്കപ്പെട്ടു.
മാതാപിതാക്കൾ കുട്ടികളെ വളർത്തേണ്ട രീതി, മക്കൾ എപ്രകാരം മാതാപിതാക്കൾക്ക് ഒരു അനുഗ്രഹമായി മാറണം എന്നെല്ലാം ക്ലാസ്സിന്റെ മുഖ്യ വിഷയങ്ങളായിരുന്നു.
ക്ലാസ്സിൽ അധ്യാപകർ കുട്ടികളെ അനുഗ്രഹിക്കുകയും കുട്ടികൾ അധ്യാപകർക്കായി പ്രാർത്ഥിക്കുകയും ചെയ്തു. ക്ലാസ്സ് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഒരു മാനസിക അന്തരീക്ഷം കുട്ടികളിൽ സൃഷ്ടിച്ചു.
ക്ലാസ്സിന്റെ സമാപനത്തിൽ വിവിധ പരിപാടികളിൽ സമ്മാനർഹരായ കുട്ടികൾക്കും ഗ്രൂപ്പുകൾക്കും സമ്മാനങ്ങൾ നൽകി. സമാപന ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേൽവിൻ എസ് ഐ സി, സീനിയർ അസിസ്റ്റന്റ് സോഫിയ ജേക്കബ്, വിജയോത്സവം കൺവീനർ സിസ്റ്റർ നവീന എസ് ഐ സി, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ നന്ദി പറഞ്ഞു. ടീം അംഗങ്ങൾ എല്ല കുട്ടികൾക്കും വിജയങ്ങൾ നേർന്നു കൊണ്ട് ക്ലാസ്സ് സമാപനം കുറിച്ചു.