Balussery, ടോറസ് ലോറിക്കടിയില്‍പ്പെട്ട സ്കൂട്ടര്‍ യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബാലുശേരി പറമ്പിന്‍ മുകളിലാണ് സംഭവം. താമരശ്ശേരി വെളിമണ്ണ പാലാട്ട് ഷാഹുല്‍ ഹമീദാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
ബാലുശ്ശേരി ഭാഗത്തുനിന്നും ഉള്ള്യേരി ഭാഗത്തേക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്നു ഷാഹുല്‍ ഹമീദ്. ഇതേ ഭാഗത്തുനിന്നും കല്ലുമായി പോകുകയായിരുന്ന ലോറി പറമ്പിന്‍മുകളില്‍ വെച്ച് എരമംഗല റോഡിലേക്ക് തിരിക്കുമ്പോള്‍ സ്കൂട്ടര്‍ ലോറിക്ക് അടിയില്‍പ്പെടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ലോറി നിര്‍ത്തി.
ലോറി ഇടത്തേക്ക് തിരിയുന്നതിനിടെയാണ് സ്കൂട്ടര്‍ ഇടിച്ചത്. സ്‌ക്കൂട്ടര്‍ ലോറിയിലിടിച്ച വിവരം ലോറി ഡ്രൈവര്‍ നടുവണ്ണൂര്‍ സ്വദേശി സിറാജ് അറിഞ്ഞിരുന്നില്ല. ലോറി
നിര്‍ത്തിയതിനാലാണ് ഷാഹുല്‍ ഹമീദ് രക്ഷപ്പെട്ടത്. മുന്‍ മദ്രസ അധ്യാപകനാണ് 37 കാരനായ ഷാഹുല്‍ഹമീദ്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ലോറി തിരിയുന്നത് കണ്ട് വേഗതയില്‍ പോവുകയായിരുന്ന സ്കൂട്ടര്‍ നിര്‍ത്താൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ലോറിയില്‍ ഇടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.