Thamarassery: ദേശീയ പാത 766-ന്റെ രണ്ടാം റീച്ചിൽ ഉൾപ്പെട്ട കല്പറ്റ ബൈപ്പാസ് മുതൽ മുത്തങ്ങ വന മേഖല വരെയുള്ള 38.20 കിലോ മീറ്റർ ഭാഗത്തെ നവീകരണത്തിനായി തയ്യാറാക്കിയ കരട് വിശദ പദ്ധതി രൂപ രേഖ പി.ഡബ്ല്യു.ഡി.(എൻ.എച്ച്.) വിഭാഗത്തിന് സമർപ്പിച്ചു. നിലവിൽ ദേശീയ പാത 766 ന്റെ പുതുപ്പാടി – മുത്തങ്ങ റീച്ചിലെ പാത നവീകരണ പ്രവൃത്തിക്കായി പഠനം നടത്തുന്ന കൺസൽട്ടൻസിയായ ലാർസൻ ആൻഡ് ടൂബ്രോ (എൽ ആൻഡ് ടി) കമ്പനിയാണ് ഇതു കൈമാറിയത്
റീച്ചിന്റെ വികസനത്തിനായി 1090 കോടി രൂപയാണ് കരട് ഡി.പി.ആറിൽ എസ്റ്റിമേറ്റ് തുകയായി കണക്കാക്കിയിരിക്കുന്നത്. ഇതിൽ നിർമാണ പ്രവൃത്തിക്കായി 544 കോടി രൂപയും ഭൂമി ഏറ്റെടുക്കുന്നതിനായി 302 കോടി രൂപയുമാണ് പ്രാഥമികമായി കണക്കാക്കുന്നത്. അനുബന്ധ ചെലവുകൾക്കും ജി.എസ്.ടി. ഇനത്തിലും മറ്റുമായാണ് ശേഷിക്കുന്ന തുക.
കല്പറ്റ ബൈപ്പാസ് നാലു വരി പാതയായി വികസിപ്പിക്കാനുള്ള പ്രവൃത്തിയും ചുരത്തിലെ കൊടും വളവുകളുടെ വീതി കൂട്ടലും മാത്രമായിരുന്നു പ്രത്യേക പാക്കേജായി പരിഗണിച്ച് മോർത്തിന്റെ (കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം) വാർഷിക പദ്ധതി പ്രവൃത്തിയിൽ ഉൾപ്പെടുത്തി നടപ്പാക്കാൻ പി.ഡബ്ല്യു.ഡി. എൻ.എച്ച്. വിഭാഗം നേരത്തേ നിർദേശിച്ചിരുന്നു. പിന്നീട് മോർത്ത് റീജണൽ ഡയറക്ടർ ബി.ടി. ശ്രീധരയുടെ കൂടി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കല്പറ്റ-മുത്തങ്ങ റീച്ച് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള പ്രാഥമിക പദ്ധതി നിർദേശം ദേശീയ പാതാ അധികൃതർ മുന്നോട്ടു വെച്ചത്. ഇനി, കരട് ഡി.പി.ആർ. വിശദമായി പരിശോധിച്ച് ആവശ്യമായ ഭേദഗതികളോടെ അന്തിമ വിശദ പദ്ധതി രൂപരേഖ തയ്യാറാക്കി പി.ഡബ്ല്യു.ഡി.(എൻ.എച്ച്.) ചീഫ് എൻജിനിയർ, മോർത്ത് റീജണൽ ഡയറക്ടർക്ക് സമർപ്പിക്കും.