Elettil Vattoli: തലയിൽ ആഴത്തിലുള്ളമുറിവുമായി തെരുവ് നായ എളേറ്റിൽ വട്ടോളി ടൗണിൽ ചുറ്റിക്കറങ്ങുന്നു. തലയുടെ മുകൾ ഭാഗത്ത് കഴുത്തിനോട് ചേർന്നാണ് നായക്ക് ആഴത്തിലുള്ള മുറിവേറ്റത്. കഴുത്തിൽ ഉള്ള ബെൽറ്റ് മുറുകിയാണ് മുറിവേറ്റതെന്ന് സംശയിക്കുന്നു. മുറിവിൽ നിന്ന് രക്തം ഒലിക്കുന്ന നിലയിലാണ് നായ എളേറ്റിൽ വട്ടോളി ബസ്റ്റാന്റ് പരിസരത്തും, അങ്ങാടിയിലൂടെയും മറ്റും ചുറ്റിക്കറങ്ങുന്നത്.
വേദന സഹിച്ച് കഴിയുന്ന നായയുടെ ദയനീയാവസ്ഥ വ്യാപാരികൾ പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും നായക്ക് ചികിത്സ ലഭ്യമാക്കാനുള്ള യാതൊരു നടപടിയും ഉണ്ടായിട്ടില്ല. നായയെ പിടിച്ച് മൃഗാശുപത്രിയിലെത്തിച്ചാൽ ചികിത്സ
നൽകാമെന്ന് എളേറ്റിൽ വട്ടോളി മൃഗാശുപത്രിയിലെ ഡോക്ടർ നാട്ടുകാരെ അറിയിച്ചിരുന്നു.
എന്നാൽ നായയെ പിടിക്കാൻ നാട്ടുകാർക്കോ വ്യാപാരികൾക്കോ കഴിയില്ല. ഇതിന് പഞ്ചായത്ത് സംവിധാനം ഒരുക്കണെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. പഞ്ചായത്ത് അധികാരികളെ വിവരം അറിയിച്ചപ്പോൾ വേണ്ട രീതിയിലുള്ള പരിഗണന ഈ കാര്യത്തിൽ നൽകിയിട്ടില്ല എന്നു നാട്ടുകാർ പറഞ്ഞു.